
ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ച് എങ്ങനെയാകും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം മുഴുവന്‍. ഇന്ത്യന്‍ ക്യുറേറ്ററുടെ നേതൃത്വത്തിലാണ് അഹമ്മദാബാദ് സ്റ്റേഡിയത്തിലെ പിച്ച് ഒരുങ്ങുന്നത്. ഐസിസി പിച്ച് കണ്‍സള്‍ട്ടന്റ് ആന്‍ഡി അറ്റ്കിന്‍സണ്‍ ഇന്ന് മാത്രമേ പിച്ച് പരിശോധിക്കൂ. അഹമ്മദാബാദില്‍ ഉണ്ടായിരുന്നിട്ടും ഇന്നലെ അറ്റ്കിന്‍സണ്‍ സ്റ്റേഡിയത്തില്‍ എത്താതിരുന്നത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

ഹെവി റോളര്‍
പിച്ച് ഒരുക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ബിസിസിഐ ചീഫ് ഓഫ് ഗ്രൗണ്ട് സ്റ്റാഫ് ആശിഷ് ഭൗമിക് ഹെവി റോളര്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയത് വിവാദത്തിന് ആക്കം കൂട്ടി. ഹെവി റോളര്‍ ഉപയോഗിച്ചാല്‍ പിച്ചിന്റെ വേഗം കുറയുമെന്നാണ് വിമര്‍ശനം. അഹമ്മദാബാദില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം മുന്നൂറിന് മേല്‍ സ്കോര്‍ ചെയ്താല്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ ദുഷ്കരമാകുമെന്ന് ചുരുക്കം. എന്നാല്‍ ബ്ലാക് സോയില്‍ പ്രതലം കൂടുതല്‍ ഉറപ്പുള്ളതാകുന്നതോടെ ബാറ്റിങ് എളുപ്പമാകും എന്നും വിലയിരുത്തലുണ്ട്. അങ്ങനെ വന്നാല്‍ കൃത്യമായ ലൈനും ലെങ്തും പാലിക്കാത്ത ബോളര്‍മാര്‍ക്ക് തല്ലുകിട്ടും.

ഐസിസി ഇടപെടുമോ?
ഐസിസി പിച്ച് കണ്‍സള്‍ട്ടന്റ് ആന്‍ഡി അറ്റ്കിന്‍സനോട് ബിസിസിഐയ്ക്ക് അത്ര താല്‍പര്യമില്ല. ഇന്ത്യ–ന്യൂസിലന്‍ഡ് സെമിഫൈനലിന്റെ പിച്ച് മാറ്റിയതിനെ അറ്റ്കിന്‍സന്‍ എതിര്‍ത്തിരുന്നു. വേഗം കുറഞ്ഞ പിച്ചാണ് ഇന്ത്യ–ന്യൂസിലന്‍ഡ് മത്സരത്തിനുവേണ്ടി ഒരുക്കുന്നതെന്ന് അറ്റ്കിന്‍സന്‍ ആരോപിച്ചെങ്കിലും ഫലം മറ്റൊന്നായിരുന്നു. 724 റണ്‍സ് ആണ് ഇരു ടീമുകളും ചേര്‍ന്ന് അടിച്ചെടുത്തത്. ഏഴാം നമ്പർ പിച്ചിലാണ് ഇന്ത്യ–ന്യൂസിലന്‍ഡ് സെമി ഫൈനല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ മല്‍സരം ആരംഭിക്കുന്നതിന് മുന്‍പ് പിച്ച് നമ്പര്‍ ആറിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ആരോപണം. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കാനാണ് ഇതെന്നായിരുന്നും വിമര്‍ശനം. അഹമ്മദാബാദിലെ പിച്ച് ഇന്ന് അറ്റ്കിന്‍സണ്‍ പരിശോധിക്കുമ്പോള്‍ എന്തുനിലപാടെടുക്കും എന്നത് ബിസിസിഐയും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ലോകകപ്പില്‍ ഇതുവരെ നാല് മത്സരങ്ങളാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്നത്. ഇതില്‍ മൂന്നുവട്ടവും രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിക്കുന്നതാണ് കണ്ടത്. ഇംഗ്ലണ്ട്–ന്യൂസിലന്‍ഡ് മത്സരത്തില്‍ പിറന്ന 286 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍.

ഉപയോഗിച്ച പിച്ച് ആയിരിക്കുമോ പുതിയ പിച്ച് ആയിരിക്കുമോ അഹമ്മദാബാദിലേത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പിച്ച് ഒരുക്കങ്ങള്‍ നിരീക്ഷിക്കുകയും ആശിഷ് ഭൗമിക്, അസോസിയേറ്റ് ചീഫ് ഓഫ് ഗ്രൗണ്ട് സ്റ്റാഫ് തപോഷ് ചാറ്റര്‍ജി എന്നിവരുമായി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു.
Pitch controversy in Ahmedabad? No ICC presence in stadium; BCCI curators prepare pitch for WC final