പ്രധാനമന്ത്രിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും ഫൈനലിന് സാക്ഷികളാകാനെത്തും

sports
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാള്‍സും അഹമ്മദാബാദില്‍ ലോകകപ്പ് ഫൈനലിന് സാക്ഷികളാകാനെത്തും. മുന്‍ ലോകകപ്പ് ജേതാക്കളായ ക്യാപ്റ്റന്‍മാരുമടക്കം വി.വി.ഐ.പികളുടെ മുന്നിലായിരിക്കും ഇന്ത്യ ഓസീസ് കലാശപ്പോരാട്ടം. വ്യോമസേനയുടെ നേതൃ‍ത്വത്തില്‍ പ്രത്യേക എയര്‍ ഷോയും കാഴ്ചക്കാരെ ത്രസിപ്പിക്കാന്‍ അഹമ്മദാബാദിന്‍റെ ആകാശത്തൊരുങ്ങും.

ഇന്ത്യ ഫൈനലിലെത്തിയ ലോകകപ്പിനെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഐസിസിയും ബിസിസിഐയും. ആവേശം അത്യുന്നതിയിലെത്തിക്കാന്‍ ഇരുരാജ്യങ്ങളിലേയും ഭരണാധികാരികളെത്തും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിനെ ക്രിക്കറ്റ് നയതന്ത്രത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആല്‍ബനീസിന്‍റെ പ്രതിനിധിയായി ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാള്‍സ് അഹമ്മദാബാദെത്തും. മല്‍സരം തുടങ്ങും മുന്‍പ് ഇരുവരും കളത്തിലിറങ്ങി താരങ്ങള്‍ക്ക് ആശംസ നേരും. മോദിയുടെ തട്ടകത്തില്‍ മോദി സ്റ്റേഡിയത്തിലെ വിജയികള്‍ക്ക് മോദി തന്നെ കപ്പ് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രത്തലവന്‍മാര്‍ക്ക് പുറമേ, ഇതുവരെയുള്ള ലോകകപ്പുകളില്‍ ജേതാക്കളായ ടീമുകളുടെ ക്യാപ്റ്റന്‍മാരേയും ഐസിസി അഹമ്മദാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫി സാക്ഷാല്‍ ധോണിയായിരിക്കും സ്റ്റേഡിയത്തിലെത്തിക്കുന്നത്. ഒപ്പം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, യുവ്‍രാജ് സിങ് തുടങ്ങി മുന്‍ താരങ്ങളും ഇന്ത്യയ്ക്ക് ആവേശം പകരാനെത്തും. ജൊനീറ്റ ഗാന്ധി, പ്രീതം ചക്രബര്‍ത്തി തുടങ്ങിയവരുടെ പ്രത്യേക ഷോയും മല്‍സരത്തിനു മുന്നോടിയായി നടക്കും. ബോളിവുഡില്‍ നിന്നടക്കം സിനിമതാരങ്ങളും മല്‍സരം കാണാനെത്തും. ‍‍ഒരുലക്ഷത്തിമുപ്പതിനായിരത്തോളം കാണികള്‍ക്ക് ആവേശം പകരാന്‍ ഇതാദ്യമായി സ്റ്റേഡിയത്തില്‍ പ്രത്യേക എയര്‍ഷോയും ഒരുക്കുന്നുണ്ട്. അങ്ങനെ അഹമ്മദാബാദ് ആദ്യന്ത്യം ആവേശമൊരുക്കി കാത്തിരിക്കുകയാണ്, ഇന്ത്യ കപ്പുയര്‍ത്തുന്ന കാഴ്ചയ്ക്കായി.

Narendra modi will witness world cup final in Ahmedabad

MORE IN SPORTS
SHOW MORE