ഐ.എസ്.എല്‍. പത്താം പതിപ്പിന് ഇന്ന് തുടക്കമാകുമ്പോള്‍ കൊച്ചിയെ കാത്തിരിക്കുന്നത് ഒരേസമയം രണ്ടുമല്‍സരങ്ങളാണ്. കളിക്കളത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും ഏറ്റുമുട്ടുമ്പോള്‍ ഗ്യാലറിയില്‍ മഞ്ഞപ്പടയും, വെസ്റ്റ് ബ്ലോക്ക് ബ്ലൂസും നേര്‍ക്കുനേരെത്തും. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മാച്ചിന്റെ ദുരന്തോര്‍മകളുമായി ബ്ലാസ്റ്റേഴ്സ് ബെംഗളുരുവിനെതിരെ ഇറങ്ങുമ്പോള്‍ ജവഹര്‍ ലാല്‍ നെഹ‍്റു സ്റ്റേഡിയത്തിലെ പച്ചപുല്‍മൈതാനത്ത് കനലെരിയും.
പൂര്‍ണതിയിലെത്താത്ത സ്ഥിരം തിരക്കഥ മാറ്റിയേഴുതേണ്ടതുണ്ട് ഇക്കുറി ബ്ലാസ്റ്റേഴ്സിന്. അതിന്റെ തുടക്കത്തിനാണ് അവരിന്ന് കൊച്ചിയില്‍ കോപ്പുകൂട്ടുന്നത്. പക്ഷേ ശക്തിയെക്കാള്‍ ദൗര്‍ബല്യമാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ തെളിഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ അതുമറികടക്കാനുള്ള കരുത്ത് കൈവരിച്ചിട്ടുണ്ടെന്ന് കളിക്കാരും പരിശീലകരും പറയുന്നു.
കഴിഞ്ഞ സീസണില്‍ പ്രതിരോധമായിരുന്നു പ്രശ്നമെങ്കില്‍, ഇത്തവണ അതുശക്തിപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. പ്രീതം കോട്ടാല്‍, പ്രബിര്‍ ദാസ്, മിലോസ് ഡ്രിന്‍സിച്ച്, ഹോര്‍മപാം പിന്നെ ലെസ്കോവിച്ചും. സച്ചിന്‍ സുരേഷ്, ലാറ ശര്‍മ, കരണ്‍ ജിത്ത് എന്നിവര്‍ ചേരുന്നതാണ് കാവല്‍മുഖം. പരിചയസമ്പന്നന്‍ അഡ്രിയാന്‍ ലൂണ മധ്യനിര നിയന്ത്രിക്കും. ഒപ്പം ജപ്പാന്‍കാരന്‍ ദെയ്സുക് സകായി, ബ്രൈസ് മിറാന്‍ഡ, ജീക്സണ്‍ സിങ്, സൗരവ് മൊണ്ടല്‍ എന്നിവര്‍ നിയന്ത്രണയിടം ശക്തിപ്പടുത്തും. മുന്നേറ്റത്തിലെ മുഖ്യ ചുമതല ഡയമന്റക്കോസിന് തന്നെ. ക്വാമി പെപ്രെ, കെ.പി രാഹുല്‍, നിഹാല്‍ സുധിഷ്, ഇഷാന്‍ പണ്ഡിതയും കൂട്ടിനുണ്ട്. ടീം വിട്ട ഇവാന്‍ കല്യൂഷ്നി, സഹല്‍ അബ്ദുസമദ്, ഹര്‍മന്‍ജോദ് ഖബ്ര എന്നിവരുടെ ഒക്കെ അഭാവം എങ്ങനെ പ്രതിഫലിക്കും എന്നും ഇന്നറിയാം. ബെംഗളൂരു കരുത്തരാണ്. കരുതിയും കളിയറിഞ്ഞും കളിക്കുന്നവര്‍. വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ സാനിധ്യത്തില്‍ കൊച്ചിയില്‍ ബെംഗളൂരുവിന് തോല്‍ക്കാതിരിക്കേണ്ടതുണ്ട്. മഞ്ഞപ്പടയ്ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സിന് ജയിക്കുയും വേണം.
ISL As the 10th edition begins today, Kochi has two competitions waiting for it