രോഹിതിന് കീഴിൽ ഇന്ത്യ ലോകകപ്പ് നേടുമോ? വിമർശകർ എന്ത് പറയും?

rohit-sharma-10000-odi-runs
SHARE

ഏഷ്യ കപ്പിലെ ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ ഏഴാം ഓവറിൽ ദാസുൻ സനകയുടെ പന്ത് സിക്സിനു പറത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ ക്രീസിൽ നിന്ന ഒരു നിൽപ്പുണ്ട്. തന്റെ കാലം കഴിഞ്ഞു എന്ന് വിമർശിച്ചവർക്ക്, വഴിമാറേണ്ട സമയമായി എന്ന് അലമുറയിടുന്നവർക്കു മുന്നില്‍ ഗംഭീര പ്രകടനംകൊണ്ട് മറുപടി പറഞ്ഞ് ഏകദിന ക്രിക്കറ്റിന്റെ എലീറ്റ് ക്ലബ്ബില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.

രാജ്യാന്തര ഏകദിനത്തിൽ പതിനായിരം റൺസ് എന്ന നേട്ടമാണ് രോഹിത് ശർമ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പിന്നിട്ടത്. ഈ നാഴികക്കല്ല് പിന്നിടുന്ന പതിനഞ്ചാമത്തെ താരമാണ് രോഹിത്. ആറാമത്തെ ഇന്ത്യക്കാരനും. സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി എന്നിവരാണ് രോഹിതിന് മുൻപ് ഏകദിനക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടിയ ഇന്ത്യൻ താരങ്ങൾ. വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരവും രോഹിത്താണ്.

2001ൽ സച്ചിൻ തെ‍ൻഡുൽക്കറാണ് ഏകദിന ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ചത്. 259 ഇന്നിങ്‌സില്‍ നിന്നായിരുന്നു സച്ചിന്റെ പ്രകടനം. എന്നാൽ രോഹിത്തിന് 10,000 റൺസ് തികയ്ക്കാന്‍ 241 ഇന്നിങ്‌സേ വേണ്ടിവന്നുള്ളു. വേഗത്തില്‍ സച്ചിനെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. 205 ഇന്നിങ്‌സില്‍ നിന്ന് 10000 റണ്‍സ്  നേടിയ വിരാട് കോലിയാണ് മുന്നില്‍.

ഏകദിനത്തില്‍ ആദ്യത്തെ 2000 റണ്‍സ് നേടാന്‍ 82 ഇന്നിങ്‌സുകളാണ് രോഹിത്തിന് വേണ്ടിവന്നത്. എന്നാല്‍ പിന്നീട് 8000 റണ്‍സ് നേടാന്‍ എടുത്തത് 159 ഇന്നിങ്‌സ് മാത്രം. 49ന് മുകളില്‍ ശരാശരിയിലും 90ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത്തിന്റെ ഏകദിന കരിയര്‍ മുന്നേറുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെയാണ് രോഹിത് ഇവിടെ മറികടന്നത്.

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍  രോഹിത്തിന്റെ പേരിലുണ്ട്. മാത്രമല്ല ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സും ഹിറ്റ്മാന്റെ പേരിൽ തന്നെയാണ്. വേറൊരു ക്യാപ്റ്റനുമില്ലാത്ത മറ്റൊരു റെക്കോർഡ് കൂടി രോഹിത് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തോടെ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ 24 മണിക്കൂറിനിടെ 2 മത്സരങ്ങളിൽ വിജയം നേടുന്ന നായകൻ എന്ന ചരിത്രം മറ്റാര്‍ക്കും അവകാശപ്പെടാനില്ല.

ഇത്തവണ ഏഷ്യാ കപ്പ് ഫൈനലില്‍ പ്രവേശിച്ച ആദ്യ ടീമാണ് ഇന്ത്യ. ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെ 228 റണ്‍സിന് തോല്‍പ്പിച്ച ടീം നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ഞായറാഴ്ചയാണ് ഫൈനൽ. രോഹിത്തിന് കീഴിൽ ഏഷ്യാകപ്പ് ജയിച്ച് ഏഷ്യയിലെ രാജാക്കന്മാരായി ടീം ഇന്ത്യ മാറട്ടെ. ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ, 12 വർഷങ്ങൾക്ക് ശേഷം മറ്റൊരു ലോകകപ്പ് കിരീടം എന്ന സ്വപ്നത്തിലേക്കുള്ള മികച്ച ചുവടാകും അത്.

Asia Cup 2023: Indian skipper Rohit Sharma breaks numerous records

MORE IN SPORTS
SHOW MORE