
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 147 റണ്‍സിനാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. ഇംഗ്ലണ്ട് 79 റണ്‍സ് ജയത്തിലേക്ക് എത്തുകയും നാല് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-1ന് സമനില പിടിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തില്‍ കിവീസ് താരം മിച്ചല്‍ സാന്ത്നറില്‍ നിന്ന് വന്ന ക്യാച്ച് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ബെയര്‍സ്റ്റോയെ പുറത്താക്കാന്‍ സാന്ത്നറില്‍ നിന്ന് വന്ന ക്യാച്ചിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ട്രെന്‍റ് ബോള്‍ട്ടിന്റെ ഇന്‍സ്വിങ് ഡെലിവറിയില്‍ ബെയര്‍സ്റ്റോയുടെ ടൈമിങ് തെറ്റുന്നു. എഡ്ജ് ചെയ്ത പന്ത് കവറില്‍ നിന്നിരുന്ന സാന്ത്നറുടെ നേരെ എത്തുന്നു. ഇവിടെ ഉയര്‍ന്ന് ചാടി ഒറ്റക്കയ്യില്‍ പന്ത് കൈപ്പിടിയില്‍ ഒതുക്കുകയാണ് സാന്ത്നര്‍. ആറ് റണ്‍സ് എടുത്താണ് ബെയര്‍സ്റ്റോ മടങ്ങിയത്.
കളിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് ആണ് കണ്ടെത്തിയത്. 95 റണ്‍സ് എടുത്ത ലിവിങ്സ്റ്റണ്‍ ആണ് 200ന് മുകളില്‍ സ്കോര്‍ ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനെ തുണച്ചത്. ചെയ്സ് ചെയ്ത് ഇറങ്ങിയ ന്യൂസിലന്‍ഡ് 26.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. 57 റണ്‍സ് എടുത്ത ഡാരിയല്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍.