
കാര്‍ അപകടം കഴിഞ്ഞ് 9 മാസത്തിന് ശേഷം പൊതുമധ്യത്തില്‍ പ്രത്യക്ഷപെട്ട് ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്ര്യു ഫ്ളിന്റോഫ്. ന്യൂസിലന്‍ഡിന് എതിരായ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പരയില്‍ കണ്‍സല്‍ട്ടന്റ് ആയാണ് ഫ്ളിന്റോഫ് ടീമിനൊപ്പം ചേര്‍ന്നത്. പ്രതിഫലം വാങ്ങാതെയാണ് മുന്‍ ഓള്‍ റൗണ്ടര്‍ ടീമിനൊപ്പം ചേരുന്നത്.
ബിബിസിയുടെ ടോപ് ഗിയര്‍ പരിപാടിയുടെ ഷൂട്ടിന് ഇടയിലുണ്ടായ അപകടത്തിലാണ് ഫ്ളിന്റോഫിന് ഗുരുതര പരിക്കേല്‍ക്കുന്നത്. കാര്‍ അപകടത്തെ തുടര്‍ന്ന് എയര്‍ലിഫ്റ്റ് ചെയ്താണ് താരത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. താരത്തിന്റെ വാരിയെല്ല ഒടിഞ്ഞതായും താടിയെല്ലിന് പരിക്കേറ്റിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ആഷസ് പരമ്പര കാണാന്‍ ഫ്ളിന്റോഫ് എത്തിയിരുന്നു. എന്നാല്‍ ക്യാമറ കണ്ണുകളില്‍ നിന്ന് ഫ്ളിന്റോഫ് അന്ന് അകലം പാലിച്ചു. ഇംഗ്ലണ്ടിന്റെ ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തിന് മുന്‍പായി ടീമിനൊപ്പം ചേര്‍ന്ന ഫ്ളിന്റോഫ് താരങ്ങള്‍ക്കൊപ്പം ഫീല്‍ഡിങ് ഡ്രില്‍ നടത്തി. ഫ്ളിന്റോഫ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരമാണെന്നും ടീമിനൊപ്പം നില്‍ക്കുന്നത് സന്തോഷിപ്പിക്കുന്നതായും ജോസ് ബട്ട്ലര്‍ പറഞ്ഞു.