വീണ്ടും സഞ്ജു ഇല്ല; സ്വന്തം മണ്ണില്‍ ലോകകപ്പെടുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു

sanju samson
SHARE

ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരമാണ് സഞ്ജു സാംസണ്‍. 55.7 ആണ് സഞ്ജുവിെന്‍റ ശരാശരി. ഒടുവില്‍ ഏക‍ദിന കുപ്പായം അണിഞ്ഞപ്പോള്‍ അര്‍‍ധശതകം നേടുകയും ചെയ്തു. എന്നിട്ടും ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയത് മലയാളികള്‍ക്ക് മാത്രമല്ല, സഞ്ജു ആരാധകര്‍ക്കാകെ വലിയ നിരാശയാണ് സമ്മാനിച്ചത്.  വെസ്റ്റിന്‍ഡീസിനെതിരായ ടി 20 പരമ്പരയിലെ മോശം പ്രകടനവും കെ.എല്‍.രാഹുല്‍ പരുക്കില്‍ നിന്ന് മുക്തനായതുമാണ് സഞ്ജുവിന് തിരിച്ചടിയായത്. 

അല്‍ഭുതങ്ങളൊന്നുമില്ലാതെയായിരുന്നു ടീം പ്രഖ്യാപനം. ഏഷ്യാ കപ്പ് ടീമില്‍ നിന്ന് പ്രസിദ്ധ് ക‍ൃഷ്ണയും തിലക് വര്‍മ്മയും പുറത്തായപ്പോള്‍ രവിചന്ദ്രന്‍ അശ്വിനെയും യൂസ്‍വേന്ദ്ര ചാഹലിനെയും ശിഖര്‍ ധവാനെയും പരിഗണിച്ചില്ല. ഏകദിനത്തില്‍ ഇതുവരെ തിള‍ങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ടി20 മികവ് സൂര്യകുമാര്‍ യാദവിനെ തുണച്ചു. ഹാര്‍ദിക് പാണ്ഡ്യയും ഷാര്‍ദുല്‍ ടാക്കൂറും ടീമിലെ ബോളിങ് ഓള്‍ റൗണ്ടര്‍മാരാകും. ജ‍‍ഡേജയും ആദ്യ പതിനൊന്നില്‍ ഇടം പിടിക്കും. അക്സര്‍ പട്ടേലാണ് ടീമിലെ മറ്റൊരു ഓള്‍ റൗണ്ടര്‍.

2011 ല്‍ ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് നേടിയ ശേഷം ഇതുവരെ ലോകകപ്പ് നേടാനായില്ല എന്ന കുറവ് നികത്താനാകും രോഹിത്തിെന്‍റയും സംഘത്തിെന്‍റയും ശ്രമം. രോഹിത്തും കോലിയും തന്നെയാകും ഇന്ത്യന്‍ ബാറ്റിങ് നിരയിലെ കരുത്തര്‍. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ശുഭ്മാന്‍ ഗില്ലും മധ്യനിരയില്‍ ശ്രേയസും രാഹുലും എത്തും. പരുക്ക് മാറി ടീമില്‍ എത്തിയ ജസ്പ്രിത് ബുംറയിലാണ് ബോളിങ് പ്രതീക്ഷ. ബുംറയ്ക്കൊപ്പം ഷമിയും സിറാജും ചേരുമ്പോള്‍ പേസ് പട ശക്തം.

ടീം തിരഞ്ഞെടുപ്പില്‍‌ പല കോണില്‍ നിന്നും ചോദ്യങ്ങളും ഉയരുന്നുണ്ട്.  ആദ്യ പതിനൊന്നില്‍ ഇഷാന്‍ കിഷനും അക്സര്‍ പട്ടേലും ഇടം പിടിച്ചില്ലെങ്കില്‍ അഞ്ചാമനായി വരാന്‍ സാധ്യത ഉള്ള ജഡേജ മാത്രമാകും ടീമിലെ  പരിചയ സമ്പന്നനായ ഏക ഇടം കൈയ്യന്‍ ബാറ്റര്‍. കുറവുകള്‍ പലതുണ്ടെങ്കിലും ലോകകിരീടം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്കില്ല.

Sanju excluded; India aims glory

MORE IN SPORTS
SHOW MORE