ചരിത്രമെഴുതാനാണ് മെസിയും താനും പിഎസ്ജിയില്‍ ഒന്നിച്ചതെങ്കിലും നരകതുല്യമായിരുന്നു കാര്യങ്ങളെന്ന് നെയ്മര്‍. അര്‍ജന്റൈന്‍ ടീമിനൊപ്പം മെസി സ്വര്‍ഗത്തിലെത്തി, അര്‍ജന്റൈന്‍ ടീമിനൊപ്പം എല്ലാം നേടി. എന്നാല്‍ പാരിസില്‍ മെസിക്ക് നരകമായിരുന്നു എന്നാണ് നെയ്മറിന്റെ വാക്കുകള്‍. 

ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്മറിന്റെ പ്രതികരണം. 'മെസിക്ക് നല്ല വര്‍ഷമായിരുന്നു. അതിലെനിക്ക് സന്തോഷമുണ്ട്.  ഒപ്പം  സങ്കടവുമുണ്ട്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയായിരുന്നു മെസിക്ക്. അര്‍ജന്റീനക്കൊപ്പം എല്ലാം നേടി. എന്നാല്‍ പാരിസില്‍ മെസിക്ക് നരകമായിരുന്നു. മോശം അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. ഞങ്ങളെ അത് അസ്വസ്ഥപ്പെടുത്തിയിരുന്നു, നെയ്മര്‍ പറയുന്നു. 

ഏറ്റവും മികച്ച പ്രകടനം പുറത്തെ‌ടുക്കാനാണ് ഞങ്ങള്‍ അവിടെ എത്തിയത്. ചാമ്പ്യന്മാരാകുവാന്‍. ചരിത്രമെഴുതാന്‍. അതിന് വേണ്ടിയാണ് ഞങ്ങള്‍ വീണ്ടും ഒരുമിച്ച് കളിച്ചു തുടങ്ങിയത്. നിര്‍ഭാഗ്യം കൊണ്ട് അതിന് സാധിച്ചില്ല. മെസി അര്‍ഹതപ്പെട്ട വിധമല്ല അദ്ദേഹം പോയത്. മെസിക്ക് നല്ല പരിചരണം അല്ല ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ലോകകപ്പ് ജയിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. അവിടെ ഫുട്ബോള്‍ നീതി പുലര്‍ത്തി. ഇതുപോലൊരു നേട്ടത്തിലൂടെ കരിയര്‍ അവസാനിപ്പിക്കുക എന്നത് മെസി അര്‍ഹിച്ചിരുന്നു- നെയ്മര്‍ പറഞ്ഞു.