
ഏഷ്യ കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ന് ആതിഥേയരായ പാക്കിസ്ഥാന്‍ നേപ്പാളിനെതിരെ. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മുല്‍ത്താന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം. ആദ്യമായാണ് പാക്കിസ്ഥാനും നേപ്പാളും നേര്‍ക്കുനേര്‍ വരുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി പാക്കിസ്ഥാന്‍ വന്‍കരയുടെ പോരാട്ടത്തില്‍ കിരീടം നേടിയിട്ട്. ട്വന്റി 20 ഫോര്‍മാറ്റിലായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ഫൈനലില്‍ കാലിടറി. 2000ലും 2012ലും കിരീടം നേടിയ പാക്കിസ്ഥാന്‍ ഇക്കുറി ഒന്നാം റാങ്കുകാരായാണ് എത്തുന്നത്. മുന്‍നിര ബാറ്റര്‍മാരെ മാത്രം ആശ്രയിച്ചിരുന്ന കാലത്തിന് അവസാനമിട്ട്, അഗ സല്‍മാന്റെ വരവോടെ ശക്തമായ മധ്യനിരയുമായാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്. ആദ്യമായാണ് നേപ്പാള്‍ ഏഷ്യ കപ്പിന് യോഗ്യത നേടുന്നത്. യോഗ്യതാ ടൂര്‍ണമെന്റില്‍ ഫൈനല്‍ തോല്‍പിച്ചത് യു.എ.ഇയെ. അഞ്ചുവര്‍ഷം മുന്‍പ് മാത്രം ഏകദിന പദവി ലഭിച്ച നേപ്പാള്‍ ഇതുവരെ നേരിട്ടത് അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് സിംബാബ്്വെ ടീമുകളെ. രോഹിത് പൗഡലാണ് ക്യാപ്റ്റന്‍. ഐപിഎല്‍ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള ലീഗുകളില്‍ മല്‍സരിച്ച് പരിചയമുള്ള സന്ദീപ് ലമിച്ചാനെയാണ് നേപ്പാളിന്റെ ശ്രദ്ധേയ താരം.