‘ഇരട്ട കൊമ്പ്’ കുലുക്കാന്‍ സൗദി പ്രോ ലീഗ്; ഇനി റോണാള്‍ഡോയും മെസിയും ബെന്‍സേമയും ഒന്നിച്ച്

pro-league
SHARE

സൗദി പ്രോ ലീഗിനെന്താ കൊമ്പുണ്ടോ? ഇല്ലെന്ന് പറയാന്‍ വരട്ടെ. ഈ ജൂണില്‍തന്നെയറിയാം സൗദി പ്രോലീഗിന്റെ കൊമ്പിന്റെ വലിപ്പം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗിലേക്ക് എത്തിയത് മുതലാണ് പ്രീമിയര്‍ ലീഗിനും ലാ ലിഗയ്ക്കും ബുന്ദസ് ലീഗിനും ഫ്രെഞ്ച് ലീഗിനൊപ്പം പ്രോ ലീഗും ചര്‍ച്ചയായത്. ഇപ്പോഴിതാ ലയണല്‍ മെസിയും കരീം ബെന്‍സേമയും സൗദി പ്രോ ലീഗിലേക്ക് എത്തുമെന്നാണ് വിവരം. ഇവര്‍ കൂടിയെത്തിയാല്‍ സൗദി പ്രോ ലീഗ് ഇരട്ട കൊമ്പ് കുലുക്കും. 

ലോകത്തെ ആദ്യ അന്‍പത് ഫുട്ബോള്‍ ലീഗുകളില്‍ ഒന്നാണ് സൗദി പ്രോ ലീഗ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പിച്ചതോടെ സൗദിയും സൗദി പ്രോ ലീഗും ഫുട്ബോള്‍ ലോകത്തിന്റെ കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി.  അര്‍ജന്റീനയുടെ കിരീടധാരണത്തിനും റൊള്‍ഡോയുടെ കണ്ണീരിനും സാക്ഷ്യം വഹിച്ച ഖത്തര്‍ ലോകകപ്പിന് ശേഷമാണ് റൊണാള്‍ഡോ സൗദിയിലേക്ക് എന്ന ചര്‍ച്ച സജീവമായത്. യൂറോപ്പ് വിട്ട് റൊണാള്‍ഡോ വരില്ലെന്ന് കരുതിയവരെ ഞെട്ടിച്ച് CR7സെവന്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍നസറുമായി കരാര്‍ ഒപ്പിട്ടു. റൊണാള്‍ഡോ അല്‍ നസറിന്റെ ജേഴ്സി അണിഞ്ഞതോ

ടെ ക്ലബ്ബിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് പതിനഞ്ച് ലക്ഷകത്തിലേക്ക് കുതിച്ചെത്തി. അതുകൊണ്ടുമാത്രം തീര്‍ന്നില്ല പ്രോ ലീഗിന്റെ കുതിപ്പ്. 36രാജ്യാന്തര ബ്രോഡ്കാസ്റ്റേഴ്സാണ് സൗദി പ്രോ ലീഗിന്റെ സംപ്രേഷണവകാശം കൈപ്പറ്റിയത്. ആദ്യ സീസണില്‍ അല്‍ നസറിനെ കിരീടത്തിലേക്ക് എത്തിക്കാനായെങ്കിലും ഗോള്‍ അടിച്ചുകൂട്ടി റൊണാള്‍ഡോ. ലോകത്തെ ഫുട്ബോള്‍ ലീഗുകളില്‍ ആദ്യ 30ലുള്ള സൗദി പ്രോ ലീഗ് ലോകത്തെ ആദ്യ അഞ്ച് ഫുട്ബോള്‍ ലീഗുകളില്‍ ഒന്നാകുമെന്നാണ് റൊണാള്‍ഡോയുടെ പ്രവചനം. 

റൊണാള്‍ഡോയുടെ പ്രവചനം ശരിവയ്ക്കുന്നതാണ് ഫുട്ബോള്‍ ലോകത്ത് നിന്ന് വരുന്ന വാര്‍ത്തകള്‍. സൗദിയുടെ ടൂറിസം അംബാസഡറായ ലയണല്‍ മെസി ലീഗ് മല്‍സരങ്ങള്‍ക്കിടെ സൗദിയിലെത്തിയത് ഏറെ വിവാദമായിരുന്നു. ടൂറിസം അംബസഡര്‍ എന്ന നിലയ്ക്കാണ് എത്തിയതെന്നാണ് പറയുന്നതെങ്കിലും സൗദി ക്ലബ്ബ് അല്‍ ഹിലാലുമായുള്ള ചര്‍ച്ചകള്‌‍ക്കായിട്ടാണ് മെസി എത്തിയതെന്നും സൂചനയുണ്ട്. ജൂണ്‍ 30ന് പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന മെസി എവിടേക്ക് എന്നതാണ് ചര്‍ച്ച. ബാര്‍സിലോനയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ലാലിഗയുടെ ചില നിബന്ധനകള്‍ മെസിയുടെ തിരിച്ചുവരവിന് തടസമാണ്. ബാര്‍സയിലേക്ക് തിരിച്ചെത്തുന്നതില്‍ തീരുമാനം എടുക്കേണ്ടത് മെസിയാണെന്നും 99ശതമാനവും മെസിയുടെ തീരുമാനത്തെ ആശ്രയിച്ചെന്നും ബാര്‍സ കോച്ച് ചാവി പറയുന്നു. അതിനിടെ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് മെസിയെ എത്തിച്ച് അവിടെ നിന്ന് വായ്പ അടിസ്ഥാനത്തില്‍ ബാര്‍സിയിലെത്തിക്കുന്നതും ബാര്‍സിലോന എഫ്സി ആലോചിക്കുന്നുണ്ട്. സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ 500മില്യണ്‍ യൂറോയാണ് സീസണില്‍ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എകദേശം രണ്ടായിരം കോടി രൂപ. ലീഗ് വണ്ണില്‍ കഴി​ഞ്ഞ സീസണില്‍ മെസി 16ഗോളും 16 അസിസ്റ്റും കുറിച്ചു. അല്‍ ഹിലാല്‍ മെസിയെത്തിയാല്‍ അത് റൊണാള്‍ഡോ ഇഫക്ട് ആയും വിലയിരുത്താം. 

റൊണാള്‍ഡോ പ്രോ ലീഗില്‍ എത്തിക്കഴിഞ്ഞു, മെസി വരുമെന്ന സൂചനയുണ്ട്. പിന്നാലെ കരീം ബെന്‍സേമ കൂടി എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2009മുതല്‍ റയല്‍ മഡ്രിഡിന്റെ ആക്രമണത്തിന്റെ പടവാളുകളില്‍ ഒന്നായ ബെന്‍സേമയുടെ കരാറും ഈ ജൂണില്‍ തീരും. ബെന്‍സേമ ഒരു വര്‍ഷം കൂടി റയലില്‍ തുടരുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദ് ബെന്‍സേമയ്ക്ക് വമ്പന്‍ വാഗ്ദാനവുമായി എത്തിിയിട്ടുണ്ട്. ഒരു സീസണില്‍ 200മില്യണ്‍ യൂറോ, എകദേശം 882 കോടി രൂപയാണ് ഇത്തിഹാദ് വാഗ്ദാനം ചെയ്യുന്നത്. ബെന്‍സേമയും സൗദി ക്ലബ്ബും തമ്മില്‍ ധാരണയായെന്നാണ് വിവരം. വരുദിവസങ്ങളില്‍ തന്നെ മെസിയും ബെന്‍സേമയും തീരുമാനം പ്രഖ്യാപിക്കും. ഇവര്‍കൂടി എത്തിയാല്‍ ലാലിഗയിലെ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുന്നതാവും സൗദി പ്രോ ലീഗിലെ അടുത്ത സീസണ്‍. റൊണാള്‍ഡോയും മെസിയും ബെന്‍സേമയും ഒരുമിച്ചെത്തിയാല്‍ സൗദി പ്രോ ലീഗ് കൊമ്പ്കുലുക്കി, തലപ്പത്തേക്ക് കുതിക്കും. 2030ലെ ലോകകപ്പ് വേദിക്കുവേണ്ടിയുള്ള പോരാട്ടത്തിനും ഇവരുടെ വരവ് കരുത്തുപകരും.

Saudi Pro League club eyeing ambitious move to unite Lionel Messi with Karim Benzema next season: Reports

MORE IN SPORTS
SHOW MORE