ഡഗ്ഔട്ടിൽ കണ്ണടച്ച്, നിർവികാരനായി ധോണി; പക്ഷേ എപ്പോൾ; വൈറൽ ദൃശ്യത്തിനു പിന്നില്‍

dhoni-final
SHARE

ഐപിഎല്‍ ഫൈനലില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ തന്നെയായിരുന്നു ക്യാമറക്കണ്ണുകളുടെ ഇഷ്ടതാരം. കളി ക്രീസില്‍ മുറുമ്പോള്‍ ഇടതടവില്ലാതെ സ്ക്രീനില്‍ മഹേന്ദ്ര സിങ് ധോണിയെന്ന കളിക്കാരന്റെ മുഖഭാവങ്ങള്‍ മിന്നിമറ​ഞ്ഞു. 

ഫൈനൽ പോരാട്ടത്തിൽ, വിജയത്തിലേക്ക് അവസാന പന്തിൽ 4 റൺസ് വേണ്ടിയിരുന്ന ചെന്നൈയ്ക്കു വേണ്ടി, ഗുജറാത്ത് ബോളർ മോഹിത് ശർമയുടെ ലോ ഫുൾടോസ് പന്ത്, ഫ്ലിക് ഷോട്ടിലൂടെ രവീന്ദ്ര ജഡേജ ബൗണ്ടറി കടത്തിയപ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആവേശം പരകോടിയിലെത്തുകയായിരുന്നു. ജഡേജ വായുവിൽ കൈകൾ ഉയർത്തി, ലക്ഷ്യസ്ഥാനമില്ലാതെ മൈതാനത്തിലൂടെ ഓടി. ചെന്നൈ താരങ്ങൾ ജ‍ഡേജയുടെ അടുത്തേയ്ക്ക് പാഞ്ഞു. പക്ഷേ ഡഗ്ഔട്ടിൽ നിർവികാരനായി, കണ്ണുകൾ അടച്ച് ധോണി എന്ന ക്യാപ്റ്റൻ ഇരിക്കുകയായിരുന്നു. ആ സമയം അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ എന്തെല്ലാമാകാം? യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ അദ്ദേഹം ബുദ്ധിമുട്ടിയോ?

ഡഗ്ഔട്ടിൽ കണ്ണടച്ച് ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങൾ വൈറലായതോടെ ഇതു സംബന്ധിച്ച് ചർച്ചകളും വ്യാപകമായി. അവസാന പന്തിനുശേഷമാണോ അതോ അതിനു തൊട്ടുമുൻപാണോ ധോണി ഇങ്ങനെ ഇരുന്നതെന്നാണ് തർക്കവിഷയം. ടിവി ദൃശ്യങ്ങളിലുണ്ടായ സാങ്കേതികപിഴവാണോ എന്നാണ് സംശയം. ലഭ്യമായ ദൃശ്യങ്ങൾ നിരീക്ഷിച്ചാൽ, മോഹിത് ശർമ അവസാന പന്ത് എറിയുന്നതിനു തൊട്ടുമുൻപ്, സിഎസ്‌കെ ഡഗ്ഔട്ടിൽ കണ്ണടച്ച് ഇരിക്കുന്ന ധോണിയുടെ നേരെ ക്യാമറകൾ തിരിഞ്ഞപ്പോൾ ഫ്രെയിം ഒരു നിമിഷത്തേക്ക് നിശ്ചലമായി. ഇതേ ഫ്രെയിം രണ്ടുതവണ കൂടി ആവർത്തിച്ചു - മോഹിത് തന്റെ റൺ-അപ്പ് ആരംഭിച്ചപ്പോഴും ഒടുവിൽ ജഡേജ വിജയ റൺസ് നേടിയപ്പോഴും.

സാങ്കേതിക പിഴവാണോ അതോ വൈറലാകുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌തതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ അവസാന ഓവറിൽ ധോണി കണ്ണടച്ചിരുന്നത് എന്നത് ഉറപ്പിക്കാം. അവസാന പന്ത് എറിയുന്നത് തൊട്ടുമുൻപും ജഡേജ വിജയറൺ നേടിയശേഷവുമാകാൻ തന്നെയാണ് എല്ലാ സാധ്യതയും. അൽപസമയത്തിനുശേഷം, അഹ്ലാദത്തോടെ ഓടിയെത്തിയ ജ‍ഡേജയെ വികാരനിർഭരമായി ധോണി എടുത്തുയുർത്തിയതും ക്രിക്കറ്റ് ആരാധകരുടെ മനസ്സ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു.

The truth behind MS Dhoni's eyes-closed visual before and after Jadeja's heist in last over of IPL 2023 final

MORE IN SPORTS
SHOW MORE