
173 റണ്‍സ് ഗുജറാത്ത് ടൈറ്റന്‍സിന് മുന്‍പില്‍ വലിയ വിജയ ലക്ഷ്യം അല്ലാതിരുന്നിട്ടും ധോനിയുടെ ക്യാപ്റ്റന്‍സി മികവില്‍ പ്രതിരോധിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പത്താം വട്ടം ഐപിഎല്‍ ഫൈനലില്‍ കടന്നത്. എന്നാല്‍ 15 റണ്‍സിന്റെ ജയത്തിലേക്ക് ചെന്നൈ എത്തിയതിന് പിന്നാലെ ധോനിയെ വിമര്‍ശിച്ച് എത്തുകയാണ് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്.
ധോനി മനപൂര്‍വം സമയം വൈകിപ്പിച്ചു എന്നാണ് ഹോഗ് ആരോപിക്കുന്നത്. ചെന്നൈയുടെ ലങ്കന്‍ താരം മതീഷ പതിരാന തന്റെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയപ്പോള്‍ അമ്പയര്‍ അനുവദിക്കാതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അമ്പയര്‍മാരുമായി ധോനി തര്‍ക്കിച്ചു. ഇടവേളയ്ക്ക് ശേഷം വേണ്ട സമയം ഫീല്‍ഡില്‍ ഉണ്ടായിരുന്നില്ല എന്ന കാരണം ചൂണ്ടിയാണ് ലങ്കന്‍ താരത്തെ ബൗള്‍ ചെയ്യാന്‍ അമ്പയര്‍മാര്‍ അനുവദിക്കാതിരുന്നത്. ഇവിടെ ധോനി മനപൂര്‍വം അമ്പയര്‍മാരോട് തര്‍ക്കിച്ച് അവര്‍ക്ക് വേണ്ട സമയം എടുത്തു എന്നാണ് ഹോഗ് ആരോപിക്കുന്നത്.
ധോനി അയാളുടെ ബുദ്ധി ഉപയോഗിച്ചു. പതിരാനയുടെ ബൗളിങ്ങിന്റെ പേര് പറഞ്ഞ് അമ്പയര്‍മാരുമായി സംസാരിച്ച് നിന്ന് നാല് മിനിറ്റ് ധോനി തട്ടിയെടുത്തു. അമ്പയര്‍മാര്‍ അവിടെ നിന്ന് ചിരിക്കുകയാണ് ചെയ്തത്. വേണ്ട ഗൗരവത്തോടെ പെരുമാറുകയാണ് അമ്പയര്‍മാര്‍ ചെയ്യേണ്ടിയിരുന്നത് എന്നും ഹോഗ് കുറ്റപ്പെടുത്തി.