പ്ലേ ഓഫ് ലൈനപ്പായി; ക്വാളിഫയറില്‍ ഗുജറാത്ത് ചെന്നൈയെ നേരിടും

IPL
SHARE

ഐപിഎല്ലില്‍ പ്ലേ ഓഫ് ലൈനപ്പായി. അവസാന ലീഗ് മല്‍സരത്തില്‍ ബാംഗ്ലൂര്‍ ഗുജറാത്തിനോട് തോറ്റതോടെ നാലാം സ്ഥാനക്കാരായി മുംൈബ പ്ലേ ഓഫിലെത്തി. നാളെ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ചെന്നൈയെ നേരിടും. എലിമിനേറ്ററില്‍ മുംബൈയ്ക്ക് ലക്നൗവാണ് എതിരാളികള്‍.

പത്തുടീമുകളായി തുടങ്ങിയ ഐപിഎല്ലില്‍ ഇനി ശേഷിക്കുന്നത് നാലു വമ്പന്‍മാര്‍ മാത്രം. നിലവിലെ ചാപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, അഞ്ചുകിരീടമുള്ള മുംബൈ ഇന്ത്യന്‍സ്, നാലുകിരീടം നേടിയ ചെന്നൈ, ആദ്യം കിരീടം നേടി ലക്നൗ. 14 മല്‍സരങ്ങളില്‍ പത്തും ജയിച്ചാണ് ഗുജറാത്ത് കിരീടം നിലനിര്‍ത്താനെത്തുന്നത്. നാലുടീമുകളില്‍ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ചതും ടൈറ്റന്‍സ് തന്നെ. കിരീടം നിലനിര്‍ത്താനായില്‍ ഗുജറാത്തിനത് വലിയ നേട്ടമാകും. ഒപ്പം ഇന്ത്യയുടെ സ്ഥിരം ട്വന്റി ട്വന്റി ക്യാപ്റ്റന്‍ പദവി സ്വപ്നം കാണുന്ന ഹാര്‍ദിക്കിനും കിരീടം കൂടുതല്‍ കരുത്തുനല്‍കും. എട്ട് ജയവുമായാണ് മറ്റ് മൂന്ന് ടീമുകളും പ്ലേ ഓഫിനെത്തുന്നത്. 17 പോയിന്റ് വീതം നേടിയ ചെന്നൈയും ലക്നൗവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. എം.എസ്.ധോനിയുടെ വിടവാങ്ങല്‍ സീസണാകുമെന്ന് പ്രതീക്ഷിക്കുന്ന  ചെന്നൈ ആരാധകര്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ വിരമിക്കലിനെ പറ്റി  പ്രത്യേകിച്ചൊന്നും പറയാത്തതിനാല്‍ അടുത്തകൊല്ലവും ടീമിനെ നയിക്കാന്‍ ധോനിയെത്തിയേക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ പരുക്കേറ്റ് പുറത്തായതിന്റെ അങ്കലാപ്പൊന്നുമില്ലാതെയാണ് ലക്നൗവിനെ ക്രുനാല്‍ പാണ്ഡ്യ നയിക്കുന്നത്. മാച്ച് വിന്നര്‍മാരുടെ ഒറു സംഘമായി മാറിയ ലക്നൗ പ്ലേ ഓഫില്‍ കൂടുതല്‍ അപകടകാരികളാകുമെന്നുറപ്പ്. അവസാന ലീഗ് മല്‍സരം ജയിച്ചിട്ടും ബാംഗ്ലൂര്‍ തോല്‍ക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നും മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍, ടോസ് നേടി ബോള്‍ ചെയ്ത് ചേസിങ്ങിലൂടെ മാത്രം ജയിക്കുന്ന ടീമെന്ന പേരുദോഷമുണ്ട് ടീമിന് ഇക്കുറി. പക്ഷേ നോക്കൗട്ടിലെത്തുമ്പോഴേക്കും ചാംപ്യന്‍ ടീമിന്റെ പെരുമയിലേക്കെത്തുന്ന മുംബൈ അല്‍ഭുതം കാട്ടുമെന്ന് കണക്കുകൂട്ടുകയാണ് ആരാധകര്‍. 

IPL Playoff Lineup

MORE IN SPORTS
SHOW MORE