
'ഒരു താരത്തെ നിങ്ങള്‍ക്ക് മാറ്റിയെടുക്കാനാവുന്നില്ലെങ്കില്‍ ആ താരത്തെ മാറ്റുക'. 2021ല്‍ കൊല്‍ക്കത്ത നിരാശയോടെ മടങ്ങുമ്പോള്‍ മുഖ്യ പരിശീലകനായിരുന്ന മക്കല്ലത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...ഒരു കളിക്കാരന്‍റേയും പേരെടുത്ത് പറയാതെയായിരുന്നു മക്കല്ലത്തിന്‍റെ വിമര്‍ശനം. പക്ഷെ വിരല്‍ ചൂണ്ടുന്നത് ശുഭ്മാന്‍ ഗില്ലിലേക്കാണെന്ന് വ്യക്തമായിരുന്നു. പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്തുന്നതിലെ പോരായ്മ. 2022ലെ മെഗാ താര ലേലത്തിന് മുന്‍പ് ശുഭ്മാന്‍ ഗില്ലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതിന് പിന്നിലെ കാരണം അതായിരുന്നു. എന്നാല്‍ 2023ല്‍ ഗില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിക്കുന്നു. ഇന്ത്യക്കായി ഈ വര്‍ഷം കളിച്ച 17 മത്സരങ്ങളില്‍ നിന്ന് 980 റണ്‍സ്. ഐപിഎല്ലിലും ഗില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നു.
കൊല്‍ക്കത്തയുടെ അള്‍ട്രാ അഗ്രസീവ് സ്റ്റൈലിനൊപ്പം പൊരുത്തപ്പെടാനാവാതെ നിന്ന ബാറ്ററെ ടീമിലെത്തിച്ച ഗുജറാത്ത് ടൈറ്റന്‍സിന് പിഴച്ചില്ല. ഐപിഎല്ലിലെ തന്‍റെ ആദ്യ സെഞ്ചുറി തൊട്ട ഗില്ലിന്‍റെ സ്ട്രൈക്ക്റേറ്റ് 174.200ന് മുകളില്‍ സ്ട്രൈക്ക്റേറ്റില്‍ കളിക്കേണ്ടതല്ല, സ്ഥിരതയാണ് ലക്ഷ്യമിടുന്നതെന്ന ഗുജറാത്ത് ടൈറ്റന്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കിയുടെ വാക്കുകളിലുണ്ട് ഗില്ലിനുള്ള പിന്തുണ.
ഈ വര്‍ഷത്തെ ഗില്ലിന്‍റെ ആറാമത്തെ സെഞ്ചുറിയായിരുന്നു സണ്‍റൈസേഴ്സിനെതിരെ പിറന്നത്. ടെസ്റ്റില്‍ ഒന്നും ഏകദിനത്തില്‍ ഇരട്ട ശതകം ഉള്‍പ്പെടെ മൂന്നും ട്വന്‍റി20യില്‍ ഒരു സെഞ്ചുറിയും. ഒരു വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ഗില്‍ തന്‍റെ പേരിലാക്കി. ഗില്ലിന്‍റെ ആറാമത്തെ ഐപിഎല്‍ സീസണാണ് ഇത്. സീസണില്‍ ഇതുവരെ സ്കോര്‍ ചെയ്തത് 533 റണ്‍സ്. ഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്തിരിക്കുന്ന സീസണും ഇത് തന്നെ.
ഓപ്പണിങ് മുതല്‍ ഏഴാം നമ്പര്‍വരെയുള്ള പൊസിഷനുകളില്‍ ഗില്ലിനെ കൊല്‍ക്കത്ത പരീക്ഷിച്ചിരുന്നു. കൊല്‍ക്കത്തയ്ക്കൊപ്പം 58 കളിയില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിങ് ശരാശരി 31. ഗുജറാത്തിനൊപ്പം രണ്ട് സീസണുകളിലായി ഗില്‍ കളിച്ചത് 29 മത്സരങ്ങളില്‍. 29ലും ഓപ്പണര്‍. സ്കോര്‍ ചെയ്തത് 1059 റണ്‍സ്. ബാറ്റിങ് ശരാശരി 40.79. സീസണിലെ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ രണ്ടാമതും...