'കോലി' വിളികളുമായി ഹൈദരാബാദ് ആരാധകരും; ഗംഭീറിന് പരിഹാസം

സണ്‍റൈസേഴ്സ്– ലക്നൗ പോരിലും ഗംഭീറിനെ വിടാതെ ആരാധകര്‍. ഗംഭീറിനെ സ്ക്രീനില്‍ കാണുമ്പോഴെല്ലാം കോലി, കോലിയെന്ന് ഹൈദരാബാദ് ആരാധകര്‍ ഗാലറിയില്‍ നിന്ന് ആര്‍ത്ത് വിളിച്ചു. ഇതോടെ ഗംഭീര്‍ ട്വിറ്ററില്‍ ട്രെന്‍ഡിങായി. മല്‍സരം പുരോഗമിക്കുന്നതിനിടെ ലക്നൗവിന്റെ ഡഗൗട്ടിലേക്ക് നട്ടും ബോള്‍ട്ടുമടക്കം ഹൈദരാബാദ് ആരാധകര്‍ വലിച്ചെറിഞ്ഞു. ഇതില്‍ പരിഭ്രാന്തരായ പരിശീലകന്‍ ആന്‍ഡി ഫ്ലവറും, ഗംഭീറും മറ്റ് താരങ്ങളും ഗ്രൗണ്ടിലേക്കിറങ്ങുകയായിരുന്നു. രാജസ്ഥാന്‍ ആരാധകരായിരുന്നു ആദ്യം ഗംഭീറിനെ ട്രോളാന്‍ തുടങ്ങിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരില്‍ നിന്നും ഗംഭീറിന് പരിഹാസമേറ്റിരുന്നു. 

ലക്നൗ–സണ്‍റൈസേഴ്സ് മല്‍സരത്തിലെ നോ ബോള്‍ വിവാദമാണ് ഗംഭീര്‍ 'ട്രെന്‍ഡിങാ'യതിന്റെ തുടക്കം. ഹൈദരാബാദിന്റെ ബാറ്റിങ് 19–ാം ഓവറിലെത്തിയതോടെ അബ്ദുൽ സമദിനെതിരെ ആവേശ് ഖാൻ എറിഞ്ഞ ഫുൾ ടോസ് പന്തിനു ഫീൽഡ് അംപയർമാർ നോ ബോൾ അനുവദിച്ചു. എന്നാൽ ലക്നൗ ടീം തീരുമാനം റിവ്യൂ ചെയ്തു. റിവ്യൂവിൽ തേ‍ഡ് അംപയർ നോബോൾ നിഷേധിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തീരുമാനത്തിനെതിരെ ഹൈദരാബാദ് ബാറ്റർ ഹെൻറിച്ച് ക്ലാസൻ ഫീൽഡ് അംപയർമാരോട് കയർത്തു. ഇതോടെയാണ് ആരാധകര്‍ കുപിതരായത്. 

മല്‍സരത്തില്‍ 7 വിക്കറ്റിനാണ് ഹൈദരാബാദിനെ ലക്നൗ തോൽപ്പിച്ചത്. 183 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ലക്നൗ മറികടന്നത്. 16–ാം ഓവർ എറിഞ്ഞ അഭിഷേക് ശർമ 31 റൺസ് വഴങ്ങിയതാണ് ഹൈദരാബാദിനു തിരിച്ചടിയായത്. 15–ാം ഓവർ അവസാനിക്കുമ്പോൾ 5 ഓവറിൽ 69 റൺസായിരുന്നു ലക്നൗവിന് ആവശ്യം. 

Hyderabad fans chants 'Kohli' in front of Gambhir