
കൊൽക്കത്തയും രാജസ്ഥാനും തമ്മിൽ കെകെആറിന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ നടന്ന ഈ ഐപിൽ സീസണിലെ 56 ാ മത്തെ മത്സരം; എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെന്ന ചെറിയ സ്കോറിൽ പുറത്തായിട്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആത്മവിശ്വാസം വളരെ വലുതായിരുന്നു. അത് വെളിവാക്കുന്നതായിരുന്നു കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണ ബോളിങ് ഓപ്പണ്‍ ചെയ്യുമെന്ന കൊൽക്കത്തയുടെ ട്വീറ്റ്. പിന്നെ നടന്നത് ചരിത്രം. കാണികൾ സാക്ഷിയായത്.
ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നിനാണ്. ആദ്യ ഓവറിൽ തന്നെ രാജസ്ഥാന്റെ നയം വ്യകത്മായിരുന്നു. കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണയെറിഞ്ഞ ആദ്യ ഓവറിൽ രണ്ടു സിക്സും മൂന്നു ഫോറും സഹിതം 26 റൺസടിച്ചു തുടങ്ങിയ ജയ്സ്വാളിന്റെ തല്ലുമാല അവസാനിച്ചതാകട്ടെ 47 പന്തിൽ പുറത്താകാതെ നേടിയ 98 റൺസിൽ. ഐപിഎലിൽ ആദ്യ ഓവറിൽ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2011ൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 27 റൺസാണ് ഒന്നാം സ്ഥാനത്തുള്ളത്..
13 പന്തുകളിൽനിന്ന് യശസ്വി ജയ്സ്‍വാൾ പൂർത്തിയാക്കിയത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചറി. തകർത്തതാകട്ടെ 14 പന്തിൽ ഫിഫ്റ്റി തികച്ച കെ.എൽ. രാഹുലിന്റെ ഐപിഎൽ റെക്കോർഡും. അഞ്ച് സിക്സും 13 ഫോറും അടങ്ങുന്നതായിരുന്ന ജയ്‌സ്വാളിന്റെ ഇന്നിങ്സ്. സഞ്ജുവാകട്ടെ പുറത്താകാതെ അഞ്ച് സിക്സും രണ്ടു ഫോറുമടക്കം 29 പന്തിൽ 48 റൺസാണ് എടുത്തത്.
രാജസ്ഥാനെ സംബന്ധിച്ച് ഇതൊരു ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. രാജസ്ഥാന് മികച്ച നെറ്റ് റൺറേറ്റിൽ ഒരു ജയം ആവശ്യമായിരുന്നു. അതു മനസ്സിലുറപ്പിച്ചാണ് ജോസ് ബട്‌ലറും ജയ്സ്വാളും ചേസിങ്ങിന് ഇറങ്ങിയത്. എന്നാൽ റണ്ണൊന്നും എടുക്കാതെ ബട്‌ലർ റണ്ണൗട്ട് ആയതോടെ രാജസ്ഥാൻ ഒന്നു പകച്ചു. പക്ഷേ, മറുവശത്ത് ജയ്സ്വാൾ രണ്ടും കൽപിച്ചായിരുന്നു. 78 റൺസാണ് പവർപ്ലേയിൽ രാജസ്ഥാൻ അടിച്ചുകൂട്ടിയത്. അതിൽ 62 റൺസും ജയ്സ്വാളിന്റെ ബാറ്റിൽ നിന്നായിരുന്നു.
ജയ്സ്വാൾ വെടിക്കെട്ട് ആസ്വദിച്ച് ഒരറ്റത്ത് ക്ഷമയോടെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണും ആഞ്ഞടിക്കാൻ തുടങ്ങിയതോടെ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമായി. ആദ്യ ഓവറിൽ തുടങ്ങിയ വെട്ടിക്കെട്ട് രാജസ്ഥാൻ റോയൽസ് അവസാനിപ്പിച്ചത് 14–ാം ഓവറിൽ വിജയറൺ നേടിയശേഷമാണ്. അതുവരെ കൊൽക്കത്ത ബോളർമാരെ യശ്വസി ജയ്‌സ്വാളും സഞ്ജു സാംസണും നിലംതൊടീച്ചിട്ടില്ല. നിർണായക ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒൻപതു വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് കയറിയ രാജസ്ഥാൻ പ്ലേഓഫ് സാധ്യകളും സജീവമാക്കി.
വീണ്ടുമൊരു സെഞ്ചറിയെന്ന നേട്ടം സ്വന്തമാക്കാൻ ജയ്സ്‍വാളിനു സാധിച്ചില്ലെങ്കിലും അതിലും മധുരമുള്ളതായിരുന്നു രാജസ്ഥാന്റെ വിജയം. ഫിഫ്റ്റി നേടാന്‍ സഞ്ജുവിന് അവസരമുണ്ടായിരുന്നെങ്കിലും ജയ്‌സ്വാളിന്റെ സെഞ്ച്വറിക്കായി സഞ്ജു വഴിമാറിക്കൊടുക്കുകയായിരുന്നു.13ാം ഓവര്‍ എറിയാനെത്തിയ സുയാഷ് ശര്‍മയുടെ അവസാന പന്തില്‍ സഞ്ജു വലിയ ഷോട്ടിന് ശ്രമിച്ച് ഫിഫ്റ്റി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാതെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ജയ്‌സ്വാളിന് സ്‌ട്രൈക്ക് കൈമാറി സെഞ്ച്വറിക്ക് വഴിയൊരുക്കുകയെന്നതായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം. ഈ മത്സരത്തിലെ മനോഹരമായ നിമിഷങ്ങളിൽ ഒന്ന്. എന്നാൽ 14ാം ഓവര്‍ എറിയാനെത്തിയ ശര്‍ദുല്‍ ഠാക്കൂറിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ജയ്‌സ്വാള്‍ ടീമിന് വിജയം നേടിക്കൊടുക്കുകയായിരുന്നു. സിക്‌സര്‍ നേടിയിരുന്നെങ്കില്‍ ജയ്‌സ്വാളിന് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിയായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അത് നേടാൻ കഴിയാതെ പോയി.
പതിമൂന്നാം ഓവറിലെ അവസാന പന്ത് സഞ്ജുവിനെയും കൊൽക്കത്ത കീപ്പർ ഗുർബാസിനെയും കബളിപ്പിച്ച് വൈഡ് എറിയാൻ നോക്കിയ സുയാൻഷ് ശർമ്മയ്ക്ക് അതിനെക്കാളേറെ കൗശലത്തിൽ സഞ്ജു കൊടുത്തൊരു മറുപടിയുണ്ട്..വൈഡ് ലെങ്ത്തിലേക്ക് എറിഞ്ഞ സുയാൻഷ് ശർമ്മയുടെ പന്ത് അതിസമർത്ഥമായി തടഞ്ഞിട്ട ശേഷം സഞ്ജു ചിരിച്ചൊരു ചിരിയുണ്ട്, മലയാളി ആരാധകർ സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെ നല്ലൊരു അസൽ മലയാളി ചിരി..അതിനു ശേഷം പിച്ചിന്റെ മധ്യത്തിലേക്ക് എത്തിയ ശേഷം ചിരിച്ചുകൊണ്ട് ജൈസ്വാളിനെ നോക്കി രണ്ടു കൈയ്യും ഉയർത്തി ചിരിച്ചുകൊണ്ട് ഒരു ആക്ഷൻ കാണിക്കുന്നുണ്ട്, സെഞ്ചുറി അടിച്ച് ടീമിനെ വിജയിപ്പിക്കെടാ എന്ന ഭാവത്തിൽ.. കൊൽക്കത്തയ്ക്ക് എതിരായിട്ടുള്ള സഞ്ജുവിന്റെ ഈ ഇന്നിങ്‌സും ക്യാപ്റ്റൻസിയും ആരാധകരുടെ മനസ്സിൽ ഒരുപാട് കാലം കാണുമെന്നുറപ്പ്!
നേരത്തെ മുംബൈക്കെതിരെ 53 പന്തുകളിൽനിന്നാണ് യശസ്വി ജയ്‍സ്‍വാൾ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചറി സ്വന്തമാക്കിയത്. 21 വയസ്സുകാരനായ യുവതാരം ആ മത്സരത്തിൽ 62 പന്തുകളിൽനിന്നു നേടിയത് 124 റൺസ്. അതും താരത്തിന്റെ കരിയറിലെ 32ാമത്തെ മത്സരത്തില്‍. ഐപിഎല്‍ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ജയ്സ്‍വാൾ. ദേശീയ സീനിയർ ടീമിൽ കളിക്കാതെ ഒരു താരം ഐപിഎല്ലിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറായിരുന്നു യശസ്വി മുംബൈക്കെതിരെ വാങ്കഡേ സ്റ്റേഡിയത്തില്‍ അടിച്ചെടുത്തത്. ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത, ഐപിഎല്‍ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടത്തിന് ജയ്‍സ്വാളിന് ഇനി 41 റൺസ് കൂടി മതി. ഈ സീസണിൽ 12 മത്സരങ്ങളിൽനിന്ന് താരം നേടിയത് 575 റൺസ്.
മികച്ചൊരു ഇടം കൈയന്‍ ഓപ്പണര്‍ക്കായുള്ള ഇന്ത്യയുടെ നീണ്ടകാലത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മിടുക്കുള്ള താരം കൂടിയാണ് ജയ്‌സ്വാള്‍. കഷ്ടപ്പാടിനോടും ദാരിദ്ര്യത്തോടും പോരാടി, ഒരു കാലത്ത് പാനിപ്പൂരി വിറ്റ കുട്ടിയില്‍ നിന്നും റെക്കോർഡുകൾ ഭേദിച്ച് വളരുന്ന ജയ്‌സ്വാളിന്റെ വളര്‍ച്ച ഏതൊരു ക്രിക്കറ്റ് പ്രേമിക്കും അഭിമാനിക്കാൻ വക നൽകുന്നുമുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിലേക്ക് ഈ ഇരുപത്തത്തൊന്നുകാരന് വിളിയെത്തും എന്ന് പ്രതീക്ഷിക്കാം. ഒപ്പം ആ മിന്നൽ പ്രകടനത്തിന് ഒരു വലിയ സല്യൂട്ടും