സെ‍ൽഫിയെടുക്കാനെത്തി; എതിർ ടീം സ്റ്റാഫിനെ തള്ളിമാറ്റി റൊണാൾഡോ; വിഡിയോ

ronaldo
SHARE

സൗദി പ്രോ ലീഗ് മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ സെ‍ൽഫിയെടുക്കാനെത്തിയ എതിർ ടീമിന്റെ സ്റ്റാഫിനെ തള്ളിമാറ്റി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോയിന്റ് പട്ടികയിൽ താഴെയുള്ള അൽ– ഖലീജുമായി അൽ– നസർ 1–1ന്റെ സമനില വഴങ്ങിയതിനു പിന്നാലെയാണ് അൽ– ഖലീജ് സ്റ്റാഫിലെ ഒരാൾ സെൽ‌ഫിയെടുക്കാൻ റൊണാൾഡോയുടെ സമീപത്തെത്തിയത്. ഫോട്ടോയെടുക്കാൻ വിസമ്മതിച്ച റൊണാൾഡോ ഇയാളെ തള്ളിനീക്കിയ ശേഷം ഗ്രൗണ്ട് വിട്ടു. സംഭവത്തിന്റെ വി‍ഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

അൽ– ഖലീജിനെതിരെ വിജയിച്ചിരുന്നെങ്കിൽ റൊണാൾഡോ നയിക്കുന്ന അൽ– നസറിന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താമായിരുന്നു. മത്സരം തുടങ്ങി നാലാം മിനിറ്റിൽ ഫാബിയോ മാർട്ടിൻസിന്റെ ഹെഡറിലൂടെയാണ് ഖലീജ് ലീഡ് നേടിയത്. എന്നാൽ 17–ാം മിനിറ്റിൽ അൽവാരോ ഗോൺസാലസിലൂടെ അൽ– നസർ സമനില പിടിച്ചു. കൂടുതല്‍ ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ അൽ– നസറിന് സാധിച്ചില്ല.

മത്സരത്തിനു പിന്നാലെയാണ് സെൽഫിയെടുക്കാനെത്തിയ ആളോട് റൊണാൾഡോ രോഷം തീർത്തത്. സെൽഫിയെടുക്കാനെത്തിയ അൽ– ഖലീജ് സ്റ്റാഫിനെ ആദ്യം റൊണാൾ‍ഡോ ഗൗനിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇയാൾ വീണ്ടും സെൽഫിക്കു മുതിർന്നതോടെയാണ് റൊണാൾഡോ തള്ളിമാറ്റിയത്. തുടർന്ന് അൽ– ഖലീജ് സ്റ്റാഫ് സെൽഫിയെടുക്കാതെ മടങ്ങി.

കളിക്കു ശേഷം അൽ– ഖലീജ് താരത്തിന് സ്വന്തം ജഴ്സി റൊണാൾഡോ കൈമാറിയിരുന്നു. 26 മത്സരങ്ങളിൽനിന്ന് 57 പോയിന്റുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ– നസർ. മേയ് 17ന് അല്‍– തേയിക്കെതിരെയാണ് ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ നയിക്കുന്ന ടീമിന്റെ അടുത്ത പോരാട്ടം.

Cristiano Ronaldo Denies Selfie To a Member Of Al Khaleej Staff, Pushes Him Away

MORE IN SPORTS
SHOW MORE