ഇനി ഏകദിന പൂരം; ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരം നാളെ; നയിക്കാൻ സ്മിത്തും പാണ്ഡ്യയും

ind-vs-aus-odi
SHARE

ബോർഡർ – ഗാവസ്കർ ട്രോഫി നിലനിർത്തിയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇടമുറപ്പിച്ചും ഇന്ത്യ ഇനി ഏകദിന പോരാട്ടച്ചൂടിലേക്ക്. ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് വെള്ളിയാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കമാകും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരങ്ങൾ. രോഹിത് ശർമയുടെ അഭാവത്തിൽ ആദ്യ ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യയാകും ഇന്ത്യയെ നയിക്കുക. കുടുംബപരമായ കാരണങ്ങളാലാണ് ആദ്യ ഏകദിനത്തിൽനിന്ന് രോഹിത് വിട്ടുനിൽക്കുന്നത്.

ശ്രീലങ്കയ്‌ക്കും ന്യൂസീലൻഡിനുമെതിരെ നാട്ടിൽ ഏകദിന പരമ്പരകൾ സ്വന്തമാക്കിയാണ് ഇന്ത്യ ലോകകപ്പ് വർഷത്തിനു തുടക്കം കുറിച്ചത്. പരുക്കിനെ തുടർന്ന് കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ തുടങ്ങിയ സ്ഥിരം മുഖങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു ഇരു പരമ്പരകളും നടന്നത്. ഇരുവരും ടീമിൽ തിരിച്ചെത്തിയെങ്കിലും ശ്രേയസ് അയ്യർ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് തുടങ്ങിയവർ ഇക്കുറി പരുക്കു മൂലം ടീമിനു പുറത്താണ്.

ഈ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മുൻനിർത്തിയാകും ഇരു ടീമുകളും ഏകദിന പരമ്പരയ്ക്ക് ഇറങ്ങുക. ഇന്ത്യയെ സംബന്ധിച്ച്, ഓസീസിനെതിരായ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കു ശേഷം ജൂലൈ വരെ ഏകദിന പരമ്പരകളില്ല. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിൽ നിർണായക പരമ്പരയാകും ഇത്.

ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിൽ സൂര്യകുമാർ യാദവ് ഏകദിന ഫോർമാറ്റിലും ടീമിന്റെ നെടുന്തൂണാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം, ലഭിച്ച അവസരങ്ങളിൽ കാര്യമായി തിളങ്ങാനാകാത്തതാണ് സൂര്യകുമാറിന്റെ കാര്യത്തിലുള്ള ആശങ്ക. ട്വന്റി20യിൽ ലോക ഒന്നാം നമ്പർ താരമായി തിളങ്ങുമ്പോൾത്തന്നെ, ഏകദിനത്തിൽ ഇതുവരെ വിശ്വസനീയമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സൂര്യയ്ക്കായിട്ടില്ല. 18 ഇന്നിങ്സുകളിൽ രണ്ട് അർധസെഞ്ചറികൾ സഹിതം 28.86 ആണ് സൂര്യയുടെ ശരാശരി. 20 ഇന്നിങ്സുകളിൽനിന്ന് 47.35 ശരാശരിയിൽ 805 റൺസാണ് നാലാം നമ്പറിൽ അയ്യരുടെ സമ്പാദ്യം. 

ഇഷാൻ കിഷനെ ഏതു സ്ഥാനത്തു കളിപ്പിക്കുമെന്നതും നിർണായകം. ഏതാനും മാസങ്ങൾക്കു മുൻപ് ഏകദിനത്തിൽ ഇരട്ടസെഞ്ചറി നേടി തിളങ്ങിയ ഇഷാൻ കിഷന്, പിന്നീട് സമാനമായ പ്രകടനം സാധ്യമായിട്ടില്ല. ആ ഇരട്ടസഞ്ചറിയോടെ കിഷൻ ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ സ്ഥാനത്ത് ഇരിപ്പുറപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ശുഭ്മാൻ ഗിൽ ആ സ്ഥാനം കയ്യടക്കുന്നതാണ് പിന്നീട് കണ്ടത്. ഒന്നാം ഏകദിനത്തിൽ രോഹിത്തിന്റെ അസാന്നിധ്യത്തിൽ ഗില്ലിനൊപ്പം കിഷൻ ഓപ്പണറായേക്കാമെങ്കിലും, രണ്ടും മൂന്നും ഏകദിനങ്ങൾക്കായി രോഹിത് തിരിച്ചെത്തുന്നതോടെ കിഷൻ ബെഞ്ചിലേക്കു മാറാനാണ് സാധ്യത.

ഈ വർഷം കളിച്ച ആറ് ഏകദിന ഇന്നിങ്സുകളിൽ ഓപ്പണറെന്ന നിലയിൽ 70, 21, 116, 208, 40*, 112 എന്നിങ്ങനെയാണ് ഗില്ലിന്റെ പ്രകടനം. താരത്തെ തഴയില്ലെന്നു ചുരുക്കം. സൂര്യകുമാർ യാദവിനു പകരം ടീം മാനേജ്മെന്റ് മധ്യനിരയിലേക്ക് പരിഗണിക്കുകയെന്നതാണ് ഇഷാൻ കിഷനു മുന്നിലുള്ള മറ്റൊരു സാധ്യത. ധവാൻ, പന്ത് എന്നിവരുടെ അഭാവത്തിൽ ഇടംകയ്യന്റെ അഭാവം ഇന്ത്യൻ നിരയിലുണ്ടെങ്കിലും കിഷന്റെ ഫോം തന്നെയാകും താരത്തിനു തിരിച്ചടിയാകുക.

ഋഷഭ് പന്തിന്റെ അസാന്നിധ്യത്തിൽ കെ.എൽ.രാഹുൽ ഒരിക്കൽക്കൂടി മുഴുവൻ സമയ വിക്കറ്റ് കീപ്പറുടെ റോളിലെത്തുമോ എന്നതും കാത്തിരുന്നു കാണേണ്ടിവരും. ടെസ്റ്റ് ടീമിലെ സ്ഥാനം തൽക്കാലം ഗിൽ കൊണ്ടുപോയ സാഹചര്യത്തിൽ, ഏകദിനത്തിൽ മികവു കാട്ടേണ്ടത് രാഹുലിനെ സംബന്ധിച്ച് നിർണായകമാണ്. പന്തിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കാനാണ് സാധ്യത. ഏകദിനത്തിൽ അഞ്ചാം നമ്പറിൽ 16 ഇന്നിങ്സുകളിൽ നിന്നായി 50.61 ശരാശരിയിൽ 658 റൺസാണ് രാഹുലിന്റെ സമ്പാദ്യം. 102.17 സ്ട്രൈക്ക് റേറ്റിലാണിത്. ഇതിൽ ഒരു സെഞ്ചറിയും ആറ് അർധസെഞ്ചറികളുമുണ്ട്.

രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവോടെ ശക്തി പ്രാപിച്ച ഓൾറൗണ്ടർമാരുടെ നിരയിൽ, ഏതു കോംബിനേഷനാകും ഇന്ത്യ പരീക്ഷിക്കുകയെന്നതും ശ്രദ്ധേയം. ജഡേജയുടെ അസാന്നിധ്യത്തിൽ വാഷിങ്ടൻ സുന്ദർ, ഷാർദുൽ ഠാക്കൂർ എന്നിവരാണ് ഓൾറൗണ്ടർമാരുടെ അഭാവം നികത്തിയത്. ജഡേജയുടെ വരവോടെ ഇന്ത്യയുടെ ബാറ്റിങ് നിര ശക്തിപ്പെടും. ഹാർദിക് പാണ്ഡ്യ, ജഡേജ എന്നിവർക്കൊപ്പം വാഷിങ്ടൻ സുന്ദറാകും ഓൾറൗണ്ടർ ത്രയത്തിലെ മൂന്നാമൻ. ടെസ്റ്റ് പരമ്പരയിൽ ബാറ്റിങ്ങിൽ തിളങ്ങി അക്ഷർ പട്ടേലും മറ്റൊരു സാധ്യതയാണ്. വിക്കറ്റ് സ്പിന്നിന് അനുകൂലമാണെങ്കിൽ ഒരു റിസ്റ്റ് സ്പിന്നറെക്കൂടി ഉൾക്കൊള്ളിക്കുന്ന കോംബോയും പരീക്ഷിച്ചേക്കാം.

പേസ് ബോളർമാരിൽ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ ടീമിലെ സ്ഥാനം ഏറെക്കുറെ ഭദ്രമാണ്. മൂന്നാം പേസറായി ഷാർദുൽ ഠാക്കൂർ, ഉമ്രാൻ മാലിക്ക്, ജയ്ദേവ് ഉനദ്കട് എന്നിവരാണ് പരിഗണനയിൽ. വേഗതയാണ് ഉമ്രാന്റെ ശക്തി. ഇടംകയ്യൻ പേസിലൂടെ ബോളിങ് നിരയ്ക്ക് വൈവിധ്യം പകരാൻ ഉനദ്കടിനാകും. ബാറ്റിങ്ങിലെ മികവ് ഠാക്കൂറിനും സാധ്യത നൽകുന്നു. 

MORE IN SPORTS
SHOW MORE