
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്കു പോകാനില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വിമർശനവുമായി പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി. ഏഷ്യാ കപ്പ് കളിക്കുന്നതിനു പാക്കിസ്ഥാനിലേക്കു വരാൻ മറ്റു ടീമുകൾക്കൊന്നും പ്രശ്നമില്ലെന്നും സുരക്ഷാകാര്യത്തിൽ ഇന്ത്യയ്ക്കു മാത്രം എന്താണ് ഇത്ര ആശങ്കയെന്നും നജാം സേഥി വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും ഐസിസിയുടേയും യോഗങ്ങളിൽ തന്റെ നിലപാടു പറയുമെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ പറഞ്ഞു.
‘എല്ലാ ടീമുകളും പാക്കിസ്ഥാനിലേക്കു കളിക്കാൻ വരുന്നുണ്ട്. അവര്‍ക്കൊന്നും യാതൊരു പരാതിയുമില്ല. ഇന്ത്യ മാത്രം എന്താണ് സുരക്ഷയിൽ ഇത്ര ആശങ്കപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഏകദിന ലോകകപ്പിനായി ഞങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിലും ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ വരുന്ന യോഗങ്ങളിൽ ഞാൻ പറയും. ഇന്ത്യയുടെ ഈ നിലപാടിനെ പിന്തുണയ്ക്കാൻ ഞങ്ങൾക്കാകില്ല, ഞങ്ങൾക്ക് ഏഷ്യാ കപ്പ് നടത്തേണ്ടതാണ്.’– നജാം സേഥി പറഞ്ഞു.
‘നിലവിലെ സാഹചര്യത്തേക്കുറിച്ചു പാക്കിസ്ഥാൻ സര്‍ക്കാരിനോടു സംസാരിച്ചിട്ടുണ്ട്. ഇന്ത്യ ഏഷ്യാ കപ്പിനു വന്നില്ലെങ്കിലും ലോകകപ്പിനായി അങ്ങോട്ടു പോകാൻ അവര്‍ നിർദേശിച്ചാൽ ഞങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?. പോകണ്ട എന്നാണു പറയുന്നതെങ്കിൽ അത് ഇന്ത്യയുടേതിനു സമാനമായ സാഹചര്യമാകും.’– നജാം സേഥി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ഈ മാസം നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ നിലപാടു വ്യക്തമാക്കിയത്.
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇന്ത്യ തുടരുന്നത്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇ പോലെ മറ്റേതെങ്കിലും വേദിയിലേക്കു മാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഏഷ്യാ കപ്പിന് ഇന്ത്യ പാക്കിസ്ഥാനിലേക്കു പോയില്ലെങ്കിൽ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് നജാം സേഥി നേരത്തേ ഭീഷണി മുഴക്കിയിരുന്നു.
We Can Also Have Security Concerns: Pakistan Board Chief