
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അസ്വസ്ഥപ്പെടുത്തി വീണ്ടും മെസി വിളികളുമായി കാണികള്‍. അല്‍ നസറിന്റെ ഇത്തിഹാഡിന് എതിരായ സൗദി പ്രോ ലീഗ് മത്സരത്തിലാണ് സംഭവം. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അല്‍ നസര്‍ തോറ്റിരുന്നു. ശേഷം ഗ്രൗണ്ട് വിടുമ്പോള്‍ കുപ്പികള്‍ തട്ടിത്തെറിപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശ പ്രകടിപ്പിച്ചത്.
80ാം മിനിറ്റില്‍ റൊമാറിഞ്ഞോയുടെ ഗോളിലൂടെയാണ് ഇത്തിഹാദ് ജയം പിടിച്ചത്. മത്സരത്തില്‍ അല്‍ നസറിന് വല കുലുക്കാന്‍ സുവര്‍ണാവസരം ലഭിച്ചത് ആദ്യ പകുതിയിലാണ്. എന്നാല്‍ ക്രിസ്റ്റ്യാനോ ഇവിടെ ഓഫ് സൈഡ് ആയത് അല്‍ നസറിന് തിരിച്ചടിയായി.
തോല്‍വിക്ക് പിന്നാലെ ഇത്തിഹാഡിന്റെ ആരാധകരാണ് മെസി വിളികളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രകോപിപ്പിച്ചത്. നിരാശയില്‍ കുപ്പികള്‍ തട്ടിത്തെറിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു.
മത്സരത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളില്‍ എത്തുകയും ചെയ്തു. മത്സര ഫലം നിരാശപ്പെടുത്തുന്നു. എന്നാല്‍ സീസണില്‍, ഇനിയുള്ള മത്സരങ്ങളില്‍ മാത്രമായി ശ്രദ്ധ കൊടുക്കും. അല്‍ നസര്‍ ആരാധകര്‍ക്ക് നന്ദി, എന്നാണ് ക്രിസ്റ്റ്യാനോ ടീമിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. അല്‍ നസറിനായി എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളാണ് ക്രിസ്റ്റ്യാനോ കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വല കുലുക്കാന്‍ താരത്തിനായിട്ടില്ല.