പ്ലേ ഓഫ് മാച്ച് വീണ്ടും നടത്തണം, റഫറിക്ക് വിലക്കേര്‍പ്പെടുത്തണം: കേരള ബ്ലാസ്റ്റേഴ്സ്

blasters-06
SHARE

ഐ.എസ്.എലില്‍ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മാച്ച് വീണ്ടും നടത്തണമെന്ന്  കേരള ബ്ലാസ്റ്റേഴ്സ്. റഫറി ക്രിസ്റ്റല്‍ ജോണിന് വിലക്കേര്‍പ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു.  ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതി യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്

ഐ.എസ്.എലിന്‍റെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയില്‍ നടക്കാനിരിക്കെയാണ് റീപ്ലേ വേണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവന്നത്. അതിനാല്‍ത്തന്നെ അച്ചടക്കസമിതി അടിയന്തരമായി യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം. റഫറി ക്രിസ്റ്റല്‍ ജോണിന്‍റെ പിഴവുകളെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് വിശദമായ പരാതി ഫുട്ബോള്‍ ഫെഡറേഷന് നല്‍കിയിട്ടുണ്ട്. ഫ്രീ കിക്കിന് മുമ്പ് ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണയോട് നീങ്ങി നില്‍ക്കാന്‍ റഫറി ആവശ്യപ്പെട്ടെന്നും അതുകൊണ്ട് ക്വിക്ക് ഫ്രീകിക്ക് അനുവദിക്കാന്‍ സാധിക്കില്ലെന്നും ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയില്‍ പറയുന്നു.  ഒരു കളിക്കാരനോട് നീങ്ങിനില്‍ക്കാന്‍ റഫറി പറഞ്ഞാല്‍‍ അതിനര്‍ഥം പ്രതിരോധ മതില്‍ തീര്‍ക്കാന്‍ ആവശ്യപ്പെടുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഫ്രീകിക്കിനായി വിസില്‍ നല്‍കേണ്ടതാണെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ ഗോള്‍ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനം യുക്തിക്ക് നിരക്കാത്തതാണെന്നും ബ്ലാസ്റ്റേഴ്സ് വാദിക്കുന്നു. അതേ സമയം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോ, ഐ.എസ്.എല്‍ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ വുകമനോവിച്ച് മല്‍സരദൃശ്യങ്ങള്‍ ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള യൂറോപ്പിലെ രണ്ട് റഫറിമാര്‍ക്ക് അയച്ചുകൊടുത്തെന്നും ഛേത്രിയുടെ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്ന്  അതിലൊരാള്‍ അഭിപ്രായപ്പെട്ടെന്നും ബ്ലാസ്റ്റേഴ്സിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.  ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്ന് പേരുവെളിപ്പെടുത്താനന്‍ തയാറാകാത്ത ഒരു ഐ.എസ്.എല്‍ റഫറിയും അഭിപ്രായപ്പെട്ടു.

MORE IN SPORTS
SHOW MORE