
800 കരിയര്‍ ഗോളുകള്‍ എന്ന നേട്ടത്തിന് തൊട്ടടുത്ത് മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം 800 കരിയര്‍ ഗോളുകള്‍ വലയിലാക്കുന്ന താരം എന്ന നേട്ടം തൊടാന്‍ മെസിക്ക് ഇനിവേണ്ടത് ഒരേയൊരു ഗോള്‍ മാത്രം. പിഎസ്ജിയുടെ നാന്റെസിനെതിരായ മത്സരത്തില്‍ സ്കോര്‍ ചെയ്തതോടെ മെസിയുടെ ഗോള്‍ വേട്ട 799ലേക്ക് എത്തി.
വ്യാഴാഴ്ച ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബയേണിന് എതിരെ രണ്ടാം പാദത്തില്‍ ഇറങ്ങുമ്പോള്‍ തന്റെ 800ാം ഗോളും വലയിലാക്കി പിഎസ്ജിയെ മെസി തിരിച്ചുവരവിന് തുണയ്ക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. നാന്റെസിനെതിരായ ഗോളോടെ ക്ലബ് കരിയറിലെ 1000ാമത്തെ ഗോള്‍ കോണ്‍ട്രിബ്യൂഷനാണ് മെസിയില്‍ നിന്ന് വന്നത്. 701 ക്ലബ് ഗോളും 299 അസിസ്റ്റുമാണ് ക്ലബ് കരിയറില്‍ മെസിയില്‍ നിന്ന് വന്നിട്ടുള്ളത്.
ക്ലബ് കരിയറില്‍ ഗോളും അസിസ്റ്റുമായി 912 എണ്ണമാണ് ക്രിസ്റ്റ്യാനോയുടെ പേരിലുള്ളത്. മെസിയേക്കാള്‍ 88 എണ്ണം കുറവ്. ഈ സീസണില്‍ ലീഗ് വണ്ണില്‍ മിന്നും ഫോമിലാണ് മെസിയുടെ കളി. 20 ലീഗ് വണ്‍ മത്സരങ്ങളില്‍ നിന്ന് നേടിയത് 12 ഗോളും 12 അസിസ്റ്റും. പിഎസ്ജിയുടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് മെസി വലയിലാക്കിയത്.