
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആവേശം ഇനി തിരുവനന്തപുരത്തും. കേരള താരങ്ങളും മുംബൈയും ഏറ്റുമുട്ടുന്ന മല്‍സരം നാളെ വൈകിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
താരങ്ങളെല്ലാം കഠിനപരിശീലനത്തിലാണ്. ഉണ്ണി മുകുന്ദന്‍ സിക്സറുകള്‍ പായിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്പിന്‍ കുരുക്ക് ഒരുക്കാന്‍ ശ്രമിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഫാസ്റ്റ് ബോളിങ്ങുമായി ആന്റണി വര്‍ഗീസും ഓഫ് സ്പിന്നുമായി സൈജു കുറുപ്പുമെല്ലാം കളം നിറയുന്നു. ഞായറാഴ്ച വൈകിട്ട് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മുംബൈ ഹീറോസിനെ നേരിടുന്നതിന് മുന്നോടിയായാണ് കേരള സ്ട്രൈക്കേഴ്സ് പരിശീലനത്തിന് ഇറങ്ങിയത്.
തെലുങ്കു വാരിയേഴ്സിനും കര്‍ണാടക ബുള്‍ഡോസേഴ്സിനുമെതിരായ ആദ്യ രണ്ട് മല്‍സരങ്ങളും തോറ്റതിനാല്‍ ഇനിയുള്ള രണ്ട് കളിയും ജയിക്കണം. പരാജയ കാരണങ്ങളൊക്കെ പരിഹരിച്ചെന്ന ആത്മവിശ്വാസത്തിലാണ് ഹോം ഗ്രൗണ്ടിലെ ആദ്യ മല്‍സരത്തിനിറങ്ങുന്നത്. കേരള താരം സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലുള്ള ടീമുമായി മല്‍സരിച്ചായിരുന്നു പരിശീലനം. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് മല്‍സരം.