ഇൻ‍ഡോറിൽ ഓസ്ട്രേലിയക്ക് 47 റൺസ് ലീഡ്; നാല് വിക്കറ്റ് പിഴുത് ജഡേജ

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയക്ക് 47 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യ ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 109 റണ്‍സിന് പുറത്തായിരുന്നു.

16 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മാത്യു കോനെമനാണ് ഇന്ത്യയെ കറക്കിവീഴ്ത്തിയത്. ടോസ് നേടി രോഹിത് ശർമ ബാങ്ങിങ് തെരഞ്ഞെടുത്തെങ്കിലും 50 റൺസിലേക്ക് എത്തിയപ്പോൾ തന്നെ 5 വിക്കറ്റുകൾ വീണു. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഓസീസ് റിവ്യൂ എടുക്കാത്തതിനാല്‍ രണ്ട് വട്ടം ജീവൻ തിരിച്ചുകിട്ടിയ രോഹിത്ത് പക്ഷെ 12 റണ്‍സ് മാത്രമെടുത്ത് പുറത്തായി. 

പൂജാരയും, ശ്രേയസും ജഡേജയും രണ്ടക്കം കടന്നില്ല. രാഹുലിന് പകരമെത്തിയ ശുഭ്മാന്‍ ഗില്‍ നേടിയത് 21 റണ്‍സ് മാത്രം. തന്റെ കരിയറിലെ രണ്ടാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് എന്ന നേട്ടത്തിലേക്കാണ് മാത്യു കോനെമന് എത്തിയത്‍. 22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. പരമ്പരയില്‍ മൂന്നാം തവണ കോലിയെ ടോഡ് മര്‍ഫി പുറത്താക്കുന്നത്. 

ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദർഷകരെ ഉസ്മാന്‍ ഖവാജ – ലബുഷെയ്ന്‍ കൂട്ടുകെട്ടാണ് തുണച്ചത്. രണ്ടാം വിക്കറ്റിൽ ഇവർ 96 റണ്‍സ് കൂട്ടിച്ചേർത്തു.  കപില്‍ ദേവിന് ശേഷം 500 വിക്കറ്റും അയ്യായിരം റണ്‍സും സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടത്തിലേക്ക് ജഡേജയും എത്തി.60 റണ്‍സെടുത്ത ഖവാജയുടേതടക്കം നാലുവിക്കറ്റും വീഴ്ത്തിയത് രവീന്ദ്ര ജഡേജ.

47 runs lead for australia in indore test