മെസിക്കും എംബാപ്പെയ്ക്കുമൊപ്പം മാർസിൻ; ചരിത്രം ആ അത്ഭുതഗോൾ

marcin
SHARE

മികച്ച ഗോളിനുള്ള പുരസ്കാരം പ്രഖ്യാപിച്ചതോടെ ഫിഫ മാത്രമല്ല മാര്‍സിന്‍ ഒലെസ്കിയും ചരിത്രം കുറിച്ചു. അംഗപരിമിതിയുള്ള പോളണ്ട് താരം മാര്‍സിന്റെ അത്ഭുത ഗോള്‍ വീണ്ടും ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഫിഫ അംഗപരിമിതിയുള്ള താരത്തിന് പുരസ്കാരം നല്‍കുന്നത്. 

2022 നവംബര്‍ ആറിന് പോളണ്ടിലെ വാര്‍റ്റ പൊസ്നാന്‍ ക്ലബ്ബിനായിട്ടായിരുന്നു ഊന്നുവടികളില്‍ കുത്തിയുയര്‍ന്ന്  മാര്‍സിന്റെ ബൈസിക്കിള്‍ കിക്ക് ഗോള്‍. സ്റ്റാല്‍ ഴേസോയ്ക്കെതിരെയായിരുന്നു മാര്‍സിന്റെ ആ അമ്പരിപ്പിക്കുന്ന ഗോള്‍. ഊന്നുവടികളില്‍ കുത്തി ഉയര്‍ന്ന മാര്‍സിന്‍ വലംകാലുകൊണ്ടാണ് ആ കിക്ക് എതിരാളിയുടെ വലയിലിട്ടത്. നിര്‍മാണതൊഴിലാളിയായ മാര്‍സിന്‍ 23വയസുവരെ ഗോള്‍ കീപ്പറായി പ്രാദേശികതലത്തില്‍ കളിച്ചു. 2010ല്‍ റോഡ് നിര്‍മാണത്തിനിടെ യന്ത്രം കാലില്‍ വീണ് പരുക്കേറ്റ മാര്‍സിന്റെ ഇടംകാല് മുട്ടിന് തൊട്ടുതാഴെയായി മുറിച്ചുമാറ്റി. രണ്ടുവര്‍ഷം വീല്‍ചെയറിലായിരുന്ന തന്നെ  ഒരു കുഞ്ഞിനെപ്പോലെ നോക്കിയത് പങ്കാളിഎവ്‌ലിന ആണെന്ന് മാര്‍സിന്‍ നന്ദിയോടെ സ്മരിച്ചു.  മകനൊപ്പം ഫുട്ബോള്‍ തട്ടിയാണ് വീണ്ടും മല്‍സരഫുട്ബോളിലേക്ക് എത്തിയത്.  അംഗപരിമിതിയുള്ളവരുടെ ഫുട്ബോള്‍ ടീമിലെത്തിയ മാര്‍സിന്‍ ദേശീയ കുപ്പായത്തില്‍ ലോകകപ്പ് കളിച്ചു. പോളണ്ടിനെ പ്രീക്വാര്‍ട്ടര്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മാര്‍സിന്‍ വഹിച്ചത്. ഇപ്പോഴും നിര്‍മാണ രംഗത്ത് ജോലി ചെയ്യുന്ന മാര്‍സിന്, മെസിക്കും എംബാപ്പെയ്ക്കുമൊപ്പം പുരസ്ാകരവേദി പങ്കിട്ടെന്ന് വിശ്വസിക്കാനാകുന്നില്ല. 

MORE IN SPORTS
SHOW MORE