‘കോലിയെക്കാൾ കേമൻ ഞാനാണ്; എന്നിട്ടും എന്നെ തഴഞ്ഞു; കാരണം?’

Photo Credit: Khurram Manzoor Twitter

ഓരോ കാലഘട്ടത്തിലും ക്രിക്കറ്റിലെ ഇതിഹാസമെന്ന് ഒരു താരം വിശേഷിപ്പിക്കപ്പെടാറുണ്ട്. ബാറ്റിങ്ങോ ബോളിങ്ങോ അങ്ങനെ എന്തുതന്നെയായാലും ആ താരം ഉയർത്തുന്ന റോക്കോർഡുകൾ ആരാധകർക്കു പോലും മനഃപ്പാഠമാണ്. ഡോൺ ബ്രാഡ്മാന്‍, വിവ് റിച്ചാർഡ്സ്, സുനിൽ ഗവാസ്കർ, വസീം അക്രം, സച്ചിൻ‌ തെണ്ടുൽക്കർ തുടങ്ങി വിരാട് കോലി വരെയെത്തി നിൽക്കുന്നു ആ നിര. എന്നാൽ കോലിയെക്കാൾ കേമനാണ് താൻ എന്നുപറഞ്ഞ് രംഗത്തുവന്നിരികയാണ് ഒരു പാകിസ്ഥാൻ താരം.

ഖുറാം മൻസൂറിന്റേതാണ് ഈ അവകാശവാദം. 26 ഇന്റർനാഷണൽ കളികളിൽ പാകിസ്ഥാനു വേണ്ടി കളിച്ചയാളാണ് മൻസൂർ. 16 ടെസ്റ്റുകൾ, ഏഴ് ഏകദിനം, മൂന്ന് ടി–ട്വന്റിയും കളിച്ചിട്ടുണ്ട്. മൂന്ന് കളികളിൽ വിരാട് കോലിക്കൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരം കൂടിയാണ്. 2016ലെ ഏഷ്യക്കപ്പിൽ കോലി എറിഞ്ഞ പന്തിൽ മൻസൂർ പുറത്തായിരുന്നു. എന്തായാലും അദ്ദേഹം പറയുന്നത് താനാണ് കോലിയെക്കാൾ മുൻപിൽ എന്നുതന്നെയാണ്.

‘ഞാൻ കോലിയുമായി എന്നെ താരതമ്യപ്പെടുത്തുകയല്ല. യഥാർഥത്തില്‍ 50 ഓവറുകളുള്ള കളിയിൽ ആരൊക്കെ ടോപ്പ് ടെൻ ലിസ്റ്റിൽ മുന്നിൽ നിരന്നു നിന്നാലും ഞാനാണ് ഒന്നാമത്. കോലി എനിക്കു പിന്നാലാണ് വരുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലെ കൺവേർഷൻ റേറ്റ് നോക്കിയാൽ കോലിയെക്കാൾ മുന്നിലുള്ളത് ഞാനാണ്. ആറ് ഇന്നിങ്സിലാണ് കോലി ഒരു സെഞ്ചുറി എടുക്കുന്നത്. എന്നാൽ 5.68 ഇന്നിങ്സിലാണ് ഞാൻ ഒരു സെഞ്ചുറി എടുക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ പത്തുവർഷത്തെ കണക്കെടുത്ത് നോക്കിയാൽ ഞാൻ അഞ്ചാം സ്ഥാനത്താണ്. അവസാന 48 ഇന്നിങ്സിൽ നിന്ന് ഞാൻ 24 സെഞ്ചുറികൾ തികച്ചിട്ടുണ്ട്. 2015 മുതൽ ഇങ്ങോട്ടേക്ക് പാകിസ്ഥാനു വേണ്ടി കളിക്കളത്തിലിറങ്ങിയവരെ നോക്കിയാൽ അതിലേറ്റവും കൂടുതൽ സ്കോർ നേടിയ താരവും ഞാൻ തന്നെയാണ്. ടി–ട്വന്റിയിലും ഞാൻ തന്നെയാണ് മുന്നിലുള്ളത്. എന്നിട്ടും എന്നെ തഴഞ്ഞു. അതിന് വ്യക്തമായ കാരണം പോലും ആരും പറയുന്നുമില്ല’ എന്നാണ് ഖുറാം മൻസൂർ പറഞ്ഞിരിക്കുന്നത്.

'I'm world no.1 in 50-overs cricket. My conversion rate's better than Kohli yet I'm ignored'- says PAK batter's blazing claim