ഒളിംപിക്സിനും കരുക്കൾ നീക്കി ഖത്തർ

ലോകകപ്പിന് പിന്നാലെ ഒളിംപിക്സിനു വേദിയാകാൻ ഖത്തർ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2036 ലെ സമ്മർ ഒളിംപിക്സിന് ആതിഥേയത്വം വ​ഹിക്കാനാണ് ഖത്തർ തയ്യാറെടുക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ ഇതുവരെയുള്ള വിജയത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് വലിയ പ്രതീക്ഷയാണുള്ളത്. 2016- ലെയും 2020- ലെയും ഒളിംപിക്സിന് ആതിഥേയത്വം പ്രതീക്ഷിച്ച് ഖത്തർ മുന്നോട്ട് വന്നിരുന്നെങ്കിലും മരുഭൂമിയിലെ വേനൽകാല താപനിലയെ കുറിച്ചുള്ള ആശങ്ക കാരണം ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. 

2024 ൽ പാരീസിലും 2028 ൽ ലോസ് ഏഞ്ചൽസിലും 2032 ൽ ബ്രിസ്ബേനിലുമാണ് ഒളിംപിക്സ് നടക്കുക. ഭൂഖണ്ഡം തിരിച്ചാണെങ്കിൽ 2036 ലെ ഒളിംപിക്സിന് ഏഷ്യയിൽ നിന്നുള്ള ഖത്തറിന് വേദിയാകാനുള്ള സാധ്യത കൂടുതലാണ്. ഏഷ്യയിൽ നിന്ന് തന്നെ ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ രാജ്യങ്ങൾ ​രാജ്യാന്തര ഒളിമ്പിക്സ് അസോസിയേഷന്റെ മുന്നിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ലോകകപ്പിന് വേണ്ടിയുള്ള ഖത്തറിന്റെ ഒരുക്കത്തെ പരി​ഗണിച്ച് മുൻതൂക്കമുണ്ട്. 

2019 ലെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചതും 2030 ൽ നടക്കാനിരിക്കുന്ന ഏഷ്യൻ ​ഗെയിംസിന് ആതിഥേയത്വം വഹിക്കാനിരിക്കുന്നതും ഖത്തറിന് സാധ്യത വർധിപ്പിക്കുന്നുണ്ട്. നീക്കങ്ങൾ അനുകൂലമാവുകയാണെങ്കിൽ ലോകകപ്പിന് പിന്നാലെ ഒളിംപിക്സ് ആതിഥേയരാകുന്ന ആദ്യ ഇസ്ലാമിക രാജ്യമാകും ഖത്തർ