അടി കൊണ്ട 'പന്ത്' പറഞ്ഞു...ഗോളടിച്ചത് റോണോ അല്ല, ബ്രൂണോ; വിഡിയോ

ഏറെ ആശയക്കുഴപ്പങ്ങൾക്കും ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ട്രോളും നൽകിയ ഗോളായിരുന്നു യുറഗ്വായ്ക്കെതിരെ പിറന്നത്. ബ്രൂണോയുടെ കാലിൽ നിന്ന് പറന്നുയർന്ന പന്ത് ഒറ്റനോട്ടത്തിൽ ക്രിസ്റ്റ്യാനോയുടെ ഹെഡറായി വലയിലേക്കെന്ന് തോന്നുമായിരുന്നു. ക്രിസ്റ്റ്യാനോയും ബ്രൂണോയും ഒരുവേള അങ്ങനെ കരുതി ആഘോഷിച്ചു. പക്ഷേ അടി കൊണ്ട പന്ത് പറഞ്ഞത് ഗോൾ ബ്രൂണോയ്ക്കെന്നായിരുന്നു.

ഔദ്യോഗിക പന്തായ അൽ രിഹ്​ലയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ബ്രൂണോയാണ് ഗോളടിച്ചതെന്ന് തിരിച്ചറിയാൻ സഹായിച്ചത്. അഡിഡാസ് ഈ ലോകകപ്പിന് വേണ്ടി നിർമിച്ചതാണ് അൽ രിഹ്​ല.'വാർ' സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി റഫറിമാരെ സഹായിക്കുക കൂടി ചെയ്യുന്നുണ്ട് ഈ പന്ത്. പന്തിൽ ഘടിപ്പിച്ച സ്നിക്കോ മീറ്റർ വഴിയാണ് സ്പർശം അറിയാൻ പറ്റുക. ബ്രൂണോയുടെ കാൽ പന്തിൽ തൊട്ടത് സെൻസറിൽ വ്യക്തമായിരുന്നു. റൊണാൾഡോയെ സ്പർശിക്കാതെയാണ് പന്ത് കടന്ന് പോയതെന്നും ഇതിൽ നിന്ന് വ്യക്തമായി. 

മൽസരത്തിന്റെ 54–ാം മിനിറ്റിലായിരുന്നു ആ ഗോൾ പിറന്നത്. ക്രിസ്റ്റ്യാനോയ്ക്ക് നൽകാനായി ക്രോസ് ചെയ്യുകയായിരുന്ന താനെന്നും ക്രിസ്റ്റ്യാനോയുടെ തലയിലടിച്ചാണ് പന്ത് വലയിലായതെന്നുമാണ് താൻ കരുതിയത്. ആഘോഷിച്ചതും ക്രിസ്റ്റ്യാനോയുടെ ഗോളെന്ന് കരുതി തന്നെയാണ് എന്നും ബ്രൂണോ ഫെർണാണ്ടസ് പിന്നീട് വ്യക്തമാക്കി. ആര് ഗോളടിച്ചുവെന്ന വിവാദമല്ല, ടീമംഗങ്ങളുടെ ഒത്തിണക്കത്തോടുള്ള കളിയാണ് പോർചുഗലിനെ വിജയത്തിലെത്തിച്ചതെന്നാണ് കോച്ച് ഫെർണാണ്ടോ സാന്റോസ് പറയുന്നത്.

That's Bruno's goal confirmed sensor in the ball