ഫിഫയ്ക്കെതിരെ വായ അടച്ചുപിടിച്ച് ജർമനി; ലോകകപ്പ് വേദിയിൽ വേറിട്ട പ്രതിഷേധം

ജപ്പാനെതിരായ മല്‍സരത്തിനു മുന്‍പ് കൈകൊണ്ട് വായ അടച്ചുപിടിച്ച്  ഫോട്ടോയ്ക്ക്  പോസ് ചെയ്ത് ജര്‍മനി.  വണ്‍ലവ് ആംബാന്‍‌‍ഡ് അടക്കം വിലക്കിയ ഫിഫ നടപടികള്‍ക്കെതിരയായിരുന്നു ടീമിന്‍റെ പ്രതിഷേധം. അതേസമയം ജര്‍മന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് ഫിഫ പ്രസിഡന്റിനൊപ്പമിരുന്നാണ്്  മല്‍സരം കണ്ടത്. 

ഫിഫയുടെ മുന്നറിയിപ്പുകള്‍ക്കെതിരെ  വ്യത്യസ്തവും ശക്തവുമായൊരു  പ്രതിഷേധം.  അതിനാണ് ജപ്പാനെതിരായ മല്‍സരത്തിന് തൊട്ടുമുന്‍പ് ലോകം സാക്ഷ്യം വഹിച്ചത് . ലോകകപ്പ് മല്‍സരങ്ങള്‍ക്കിടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിച്ചാല്‍ ഉപരോധമടക്കം നേരിടേണ്ടിവരുമെന്ന്  താരങ്ങള്‍ക്ക് ഫിഫ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് ജര്‍മന്‍ ടീമിന്‍റെ വേറിട്ടൊരു നീക്കം. ഖത്തര്‍ ലോകകപ്പില്‍ LGBTQ വിഭാഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്  വണ്‍ലവ് ആം ബാന്‍ഡ് ധരിക്കാന്‍ തീരുമാനിച്ച ടീമുകളിലൊന്നായിരുന്നു ജര്‍മനി. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് ഫിഫ നല്‍കിയത്.  മല്‍സരത്തിനിറങ്ങും മുന്‍പ് ജര്‍മന്‍ ക്യാപ്റ്റന്‍ മാനുവല്‍ നൂയര്‍ വണ്‍ ലവ് ബാന്‍ഡ് ധരിച്ചിട്ടില്ലെന്ന് ലൈന്‍സ്മാന്‍ ഉറപ്പുവരുത്തുകയും ചെയ്തു.