ഒറ്റഗോളില്‍ പെലെയ്ക്കും റൊസാസിനുമരികെ; ചരിത്രനേട്ടവുമായി ഗാവി; സ്പാനിഷ് വജ്രായുധം

shafeeq-24
SHARE

അൽ തുമാമ സ്റ്റേഡിയത്തിൽ കോസ്റ്റ റിക്കയ്ക്കെതിരെ ഇന്നലെ സ്പെയിൻ നടത്തിയ ഗോൾ മഴയിൽ ഒലിച്ച് പോയത് നിരവധി റെക്കോർഡുകളും കൂടിയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗാവി എന്ന സ്പാനിഷ് വജ്രായുധത്തിന്റെ നേട്ടമാണ്. പെലെയ്ക്കും മെക്സിക്കോയുടെ മാനുവല്‍ റൊസാസിനും ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സ്പെയിൻ താരം പബ്ലോ മാർട്ടിൻ പേസ് ഗാവിര എന്ന ഗാവി സ്വന്തമാക്കിയത്. കളിയുടെ 74 ആം മിനുട്ടിലാണ് 18 കാരൻ ഗാവി ചരിത്ര നേട്ടം തന്റേതാക്കി മാറ്റിയത്. സ്പെയിനിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഗാവിക്ക് തന്നെ സ്വന്തം.

1958 ൽ സ്വീഡനിൽ വെച്ച് നടന്ന ലോകകപ്പിൽ വെയിൽസിനെതിരെ പെലെ നേടിയ ഗോളാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ. 17 വയസ്സും 239 ദിവസവുമായിരുന്നു പെലെയുടെ അന്നത്തെ പ്രായം. 64 വർഷമായിട്ടും കോട്ടം പറ്റാത്ത റെക്കോർഡാണിത്. 1930 ൽ അർജന്റീനയ്ക്കെതിരെ മാനുവൽ റൊസാസ് നേടിയ ഗോളാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾ. 18 വയസും 90 ദിവസവുമായിരുന്നു റൊസാസിന്റെ പ്രായം. ഈ നിരയിലേക്കാണ് ബാഴ്സിലോണ സ്ട്രൈക്കർ കൂടിയായ ഗാവി തന്റെ പേരും കുറിച്ചിട്ടത്.

2004 ഓഗസ്റ്റ് 5 ന് ജനിച്ച ഗാവിക്ക് 18 വയസ്സും 110 ദിവസവും മാത്രമാണ് പ്രായം. . നേരത്തെ, യുവേഫ നേഷൻസ് കപ്പിൽ ഇറ്റലിയ്തിരെ ബൂട്ട് കെട്ടിയും ഗാവി റെക്കോർഡിട്ടിരുന്നു. 17 വയസ്സും 62 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന ഗാവി, സ്പെയിനിനെ പ്രതിനിധീകരിക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും നേടിയിരുന്നു.

MORE IN SPORTS
SHOW MORE