
ഖത്തര്‍ ലോകകപ്പിലെ മരണഗ്രൂപ്പിലെ പോരാട്ടങ്ങള്‍ക്ക് ഇന്നുതുടക്കം. ആദ്യ മല്‍സരത്തില്‍ ജര്‍മനി ജപ്പാനെ നേരിടും. ഇന്ത്യന്‍ സമയം വൈകുന്നേരം ആരയ്ക്കാണ് മുന്‍ ചാംപ്യന്‍മാരായ ജര്‍മനി കളത്തത്തിലറങ്ങുന്നത്.
കണക്കുതീര്‍ക്കാനാണ് ജര്‍മനി ഖത്തറിലേയ്ക്ക് വരുന്നത്. റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ വേദന മായ്ക്കാന്‍ ജര്‍മനിക്ക് ഇക്കുറി കിരീടം തന്നെ വേണം. യോഗ്യതാ മല്‍സരങ്ങളിലെ പത്തെണ്ണത്തില്‍ ഒന്‍പതും ജര്‍മനി ജയിച്ചു. പത്ത് മല്‍സരങ്ങളില്‍ നിന്നായി നേടിയത് 36 ഗോളുകള്‍. വഴങ്ങിയത് നാലെണ്ണം മാത്രം. പ്രതിരോധത്തില്‍ ചില പാളിച്ചകളുണ്ടെങ്കിലും രണ്ടെണ്ണം കിട്ടിയാലും നാലെണ്ണം തിരിച്ചടിക്കാമെന്ന് ചങ്കുറപ്പിലാണ് ഹാന്‍സി ഫ്ലിക്കിന്റെ ജര്‍മനി.
പക്ഷേ നേഷന്‍സ് ലീഗിലെ അവസാന മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങുകയും ഹംഗറിയോട് തോല്‍ക്കുകയും ചെയ്തത് മറന്നുവേണം ഖത്തറിലെ മൈതാനത്തിറങ്ങാന്‍. 2010 മുതല്‍ ലോകകപ്പില്‍ ജര്‍മനിയുടെ തുറുപ്പുചീട്ടായ തോമസ് മുള്ളര്‍ക്ക് ഇക്കുറി ആദ്യ ഇലവനില്‍ അവസരം കിട്ടിയേക്കില്ല. ജമാല്‍ മുസിയാലയാണ് യുവജര്‍മനിയുടെ മുഖം. സ്പെയിന്‍ കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ചാംപ്യന്‍മാരായി മുന്നേറണമെങ്കില്‍ ജര്‍മനിക്ക് മരണക്കളി പുറത്തെടുക്കേണ്ടി വരും. ജപ്പാനാകട്ടെ യുഎസ്എയ്ക്കെതിരെയും ദക്ഷിണകൊറിയയ്ക്കെതിരെയും നേടിയ ജയം ആത്മവിശ്വാസമാക്കിയാണ്ഖത്തറിലെത്തുന്നത്. യോഗ്യതാ റൗണ്ടില്‍ പത്തുഗോളുകള്‍ നേടിയ റ്റക്കൂമി മിനാമിനോയുടെ ബൂട്ടുകളിലാണ് ജപ്പാന്റെ സാധ്യതകള്‍ തുടങ്ങുന്നത്.