ഫ്രാന്‍സിന്റെ രക്ഷകനാകുമോ എംബപ്പെ? പ്രതീക്ഷയോടെ ആരാധകര്‍

Fifa-World-Cup-2022-HD-Thumb-Mbappe-Reenu
ചിത്രം: AFP
SHARE

ലോകകപ്പില്‍ മെസിക്കും ക്രിസ്റ്റ്യാനോയ്ക്കുമൊപ്പം ആരാധകര്‍ ഉറ്റുനോക്കുന്ന സൂപ്പര്‍താരമാണ് കിലിയന്‍ എംബപ്പെ. കരിം ബെന്‍സമ പരുക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ഫ്രാന്‍സിന്റെ മുഴുവന്‍ പ്രതീക്ഷകളുമായാണ് എംബപ്പെ കളിക്കളത്തിലിറങ്ങുന്നത്. 

ഫ്രാൻസ് ലോകകപ്പ് നേടിയ 1998 ലായിരുന്നു കിലിയൻ എംബപ്പെയുടെ ജനനം. സ്പോർട്സ് എല്ലാമെല്ലാമായിരുന്ന കുടുംബം. അച്ഛൻ വിൽഫ്രഡ് ഫുട്ബോൾ കോച്ചായിരുന്നു. അമ്മ ഫൈസ ലമാരി ഹാൻഡ് ബോൾ താരവും. കാമറൂൺ–നൈജീരിയൻ വേരുകളുള്ള അച്ഛനും അൽജീരിയൻ വേരുകളുള്ള അമ്മയ്ക്കും ജനിച്ച കിലിയന്‍, ഫുട്ബോൾ പോലെ ദേശ–രാഷ്ട്ര സങ്കൽപങ്ങൾക്ക് ജൻമം കൊണ്ട് തന്നെ അതീതനായി.

ബാല്യം, ഫുട്ബോള്‍ പ്രേമം

അക്രമത്തിനും ഭീകരവാദത്തിനും പേരുകേട്ട ഗ്രാമത്തിൽ മകനെ ചെറുപ്പം മുതൽ ഫുട്ബോളുമായി ഇണക്കി നിർത്താൻ അദ്ദേഹം ശ്രദ്ധിച്ചു. ആ പ്രയത്നം വെറുതേയായില്ല. ഊണിലും ഉറക്കത്തിലും ഫുട്ബോൾ എംബപ്പെയ്ക്ക് കൂട്ടായി.  അരക്കിറുക്കനാണോ ഇവൻ എന്ന് പോലും തോന്നിപ്പിക്കുന്ന തരത്തിൽ അങ്ങേയറ്റം പാഷനേറ്റായിരുന്ന ഒരാളായിരുന്നു കിലിയനെന്ന് പിതാവ് വിൽഫ്രഡ് ഒരിക്കൽ പറഞ്ഞു. ഒറ്റ ഇരിപ്പിന് നാലോ അഞ്ചോ ഫുട്ബോൾ മൽസരങ്ങൾ കണ്ട് തീർക്കുന്നതിൽ കിലിയന് ഒരു മടിയും ഇല്ലായിരുന്നു. ഫുട്ബോള്‍ കോച്ചായ തന്നെ പോലും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു മകന്റെ ഫുട്ബോൾ സ്നേഹമെന്നും അദ്ദേഹം സാക്ഷ്യപ്പെടുന്നു.  

പാട്ടും സെലിന്‍ ടീച്ചറും

ആറാം വയസുമുതൽ പതിനൊന്നാം വയസുവരെ കിലിയൻ സംഗീതം പഠിച്ചു. മികച്ച ഫ്ലൂട്ടിസ്റ്റായി. ഫുട്ബോൾ കഴിഞ്ഞാൽ കിലിയന്റെ പ്രിയപ്പെട്ട വിനോദമായി സംഗീതം മാറി. സെലിൻ ബോഗിനിയെന്ന തന്റെ സംഗീതാധ്യാപികയോട് താൻ എക്കാലവും അതിന് കടപ്പെട്ടിരിക്കുമെന്ന് കിലിയന്‍ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. പള്ളിയിലെ ക്വയറിൽ ഫ്രഞ്ച് പാട്ടുകൾ പാടാൻ അതീവ ഉൽസുകനായിരുന്ന കിലിയൻ പക്ഷേ എന്നും സ്കൂളിൽ പോകുന്നതിൽ മടിയനായിരുന്നു. പാഠപുസ്തകങ്ങളെക്കാൾ താൻ ഫുട്ബോളിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മനസ് അന്നേ പറഞ്ഞുവെന്ന് കിലിയൻ പറയും. പക്ഷേ വിദ്യാഭ്യാസത്തെ പാടേ ഉപേക്ഷിക്കാൻ അച്ഛൻ വിൽഫ്രഡ് സമ്മതിച്ചില്ല. മകനായി അദ്ദേഹം സ്വകാര്യ ട്യൂഷൻ ഒരുക്കി.  ആറാം വയസു മുതൽ കിലിയന് വിൽഫ്രഡ് മികച്ച പരിശീലനം നൽകി. മകൻ ട്രോഫികളുമായി വീട്ടിലേക്ക് മടങ്ങിയെത്തി. കിലിയന്റെ ഡ്രിബ്ലിങുകളും വേഗതയും അമ്പരപ്പിക്കുന്നതായിരുന്നുവെന്നും താൻ ഇന്ന് വരെ പരിശീലിപ്പിച്ച ഏറ്റവും മിടുക്കനായ കളിക്കാരൻ കിലിയനായിരുന്നുവെന്നും നീണ്ട 15 വർഷം കുട്ടികളെ പരിശീലിപ്പിച്ച ആൻഡി പറയുന്നു.

ക്രിസ്റ്റ്യാനോ ആരാധകനില്‍ നിന്ന് സഹകളിക്കാരനിലേക്ക്

പരിശീലനമില്ലാത്ത ഒഴിവ് സമയങ്ങളിൽ പോലും സാധാരണ ബാല്യം കിലിയന് അന്യമായി. അച്ഛൻ കോച്ചിന്റെ രീതികൾ വീടിനുള്ളിലും എടുത്തതോടെ കൂട്ടുകാരുമൊത്തുള്ള ബർത്ഡേ പാർട്ടികളും ആഘോഷങ്ങളും കിലിയന് വിലക്കപ്പെട്ടു. പകരം ഫുട്ബോൾ വീരൻമാരെ നേരിൽ പരിചയപ്പെടുത്താമെന്ന മോഹന വാഗ്ദാനം അവർ കിലിയന് നൽകി. തിയറി ഹെന്റിയായിരുന്നു കിലിയൻ ആദ്യമായി കണ്ട ഫുട്ബോൾ സൂപ്പർ താരം. അന്ന് കിലിയന് അഞ്ച് വയസ്.. തിയറി ഹെന്‍റിയുടെ രണ്ട് ദേശീയ റെക്കോർഡുകളാണ് കിലിയൻ പിന്നീട് തകർത്തത്. കിലിയന്റെ അടുത്ത ലക്ഷ്യം സാക്ഷാൽ സിനദീൻ സിദാനായിരുന്നു.  

അണ്ടർ 12 ൽ തന്നെ പ്രതിഭ അറിയിച്ച കിലിയൻ പിന്നീട് ഫ്രാൻസിലെ നാഷണൽ ഫുട്ബോൾ സ്കൂളിൽ ചേർന്നു. പന്ത്രണ്ടാം വയസിൽ ചെൽസിയിൽ പോയി. 8-0 ത്തിന് എതിർടീമിനെ പരാജയപ്പെടുത്തി ഹാപ്പിയായി കിലിയൻ തിരിച്ചു വന്നു. ചെൽസിയുടെ ജഴ്സിയും സ്വപ്നം കണ്ടിരുന്ന കിലിയനെ കാത്തിരുന്നത് പക്ഷേ സങ്കട വാർത്തയായിരുന്നു. ചെൽസി കിലിയനെ വിളിച്ചതേയില്ല. പക്ഷേ കിലിയനെ തേടി സിദാന്റെ വിളിയെത്തി. റയലിലേക്ക്. ട്രയൽസിന് കാത്തിരിക്കുമ്പോൾ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിൽ കണ്ടു. അത്യാഹ്ലാദത്തോടെ ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം നിന്നൊരു ചിത്രം കിലിയൻ പകർത്തി വച്ചിട്ടുണ്ട്. അതേ ക്രിസ്റ്റ്യാനോയ്ക്കൊപ്പം കളിക്കളത്തിൽ കിലിയൻ തിളങ്ങിയത് ചരിത്രം.

പൊന്നും വിലയുള്ള സ്ട്രൈക്കര്‍

ടോപ് എൻഡ് കാറുകളുടെ ആരാധകനാണ് കിലിയൻ. ഫെറാരിയും, മെഴ്സീഡിയസ് ബെൻസ്ും, ഔഡിയും , ബിഎംഡബ്ല്യുവും റെഞ്ച് റോവറുമെല്ലാം കിലിയന്റെ ശേഖരത്തിലുണ്ട്. ശരാശരി 12 കോടി പൗണ്ടാണ് കിലിയന്റെ 2021 ലെ വരുമാനം. ഇതിന് പുറമേ ഇഎ സ്പോർട്സും നൈക്കിയുമായുള്ള വമ്പൻ കരാറുകൾ വേറെയും. വിനോദത്തിന് ദ്വീപുകളിലേക്ക് പോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് കിലിയൻ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, താനൊരു അക്വാട്ടിക് വർക്കൗട്ട് സ്പെഷ്യലിസ്റ്റ് കൂടിയാണെന്നും. പതിനേഴാം വയസിൽ യൂറോപ്പിനെ ഞെട്ടിച്ച പ്രതിഭയായി കിലിയൻ എംബപ്പെ. ലീഗ് വൺ ചാംപ്യനിലേക്കുള്ള വളർച്ച ആഴ്ചകൾക്കുള്ളിൽ കിലിയനെ പിഎസ്ജിയിൽ എത്തിച്ചു. അതും റെക്കോർഡ് തുകയ്ക്ക്. ലോകകപ്പിൽ പെറുവിനെതിരെ ഗോൾ. ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേട്ടത്തിനുടമ. കിലിയനിലേക്ക് ലോകം കണ്ണിമയ്ക്കാതെ നോക്കാൻ തുടങ്ങി. 

പ്രതീക്ഷയോടെ ആരാധകര്‍

നാല് തവണ ലീഗിലെ ടോപ് സ്കോറർ, ലീഗ് പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരത്തിൽ ഹാട്രിക്. 42 ഗോളുകളുമായി ഒരു സീസണിൽ യൂറോപ്പിലെ തന്നെ മികച്ച താരം.. കിലിയൻ വിജയക്കുതിപ്പ് തുടങ്ങിയിട്ടേയുള്ളൂ. ഉസൈൻ ബോൾട്ടിനാണോ വേഗം കിലിയൻ എംബപ്പെയ്ക്കാണോ എന്ന് പലവട്ടം ഫുട്ബോൾ ആരാധകർ പന്തയം വച്ചു. മികച്ച പന്തടക്കവും തലയെടുപ്പും വേഗതയും കൃത്യതയുമായി കളിക്കുമ്പോഴെല്ലാം കിലിയൻ നിറഞ്ഞു നിന്നു. ഖത്തറിൽ പന്തുരുളുമ്പോഴും ഫുട്ബോൾ ലോകം കാത്തിരിക്കും കിലിയന്റെ മിന്നും ഗോളുകൾക്കായി.

MORE IN SPORTS
SHOW MORE