
ഖത്തറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ശബ്ദമുയര്‍ത്തി ഡെന്‍മാര്‍ക്ക് ഫുട്ബോള്‍ ടീം. ഖത്തര്‍ ലോകകപ്പില്‍ നിറംമങ്ങിയ ജേഴ്സിയണിഞ്ഞാവും ക്രിസ്റ്റ്യന്‍ എറിക്സനും സംഘവും കളത്തിലിറങ്ങുക. ലോകകപ്പ് ഒരുക്കങ്ങള്‍ക്കിടെ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളോടുള്ള അദര സൂചകമായി കറുത്ത ജേഴ്സിയും ടീം പുറത്തിറക്കി
വെള്ളയും ചുവപ്പും നിറങ്ങളോടുകൂടിയ ജേഴിസിയാണ് ഡെന്‍മാര്‍ക്കെന്നാല്‍ ആദ്യം മനസിലെത്തുക. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ ഡെന്‍മാര്‍ക്കിറങ്ങുക പരമ്പരാഗത നിറത്തില്‍ നിന്ന് വ്യത്യസ്ഥമായ ജേഴ്സിയണിഞ്ഞ്. നിറംമങ്ങിയ ചുവന്ന ജേഴ്സിയും ഒപ്പം വിലാപത്തിന്റെ നിറമെന്ന് പേര് നല്‍കിയ കറുത്ത ജേഴ്സിയും ഡാനിഷ് ടീം അണിയും. ടീമിന്റെ ചിഹ്നമോ പേരോ, ജേഴ്സിയില്‍ എടുത്തുകാണില്ല. ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ചുവീണിടത്ത് തങ്ങളുടെ പേര് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജേഴ്സി തയ്യാറാക്കിയ സ്പോര്‍ട്സ്്്വെയര്‍ നിര്‍മാതാക്കളായ ഹമ്മല്‍ പറയുന്നു. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് 1200 ഓളം കുടിയേറ്റ തെഴിലാളികള്‍ ഖത്തറില്‍ മരിച്ചുവെന്നാണ് കണക്കുകള്‍. ഡാനിഷ് ടീമിനെ പിന്തുണയ്ക്കുന്നു എന്നത്, അയിരക്കണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തി നടത്തുന്ന ഒരു ടൂര്‍ണമെന്റിനുള്ള പിന്തുണയായി കാണരുതെന്നും ഹമ്മല്‍ വ്യക്തമാക്കി. ജര്‍മനി, നോര്‍വെ ടീമുകളും ഖത്തറിലെ മനുഷ്യാവകാശ ലംഘനത്തിലനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.