
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 മത്സരത്തിലെ ഇന്ത്യയുടെ മികച്ച വിജയത്തിന് ശേഷം കെ എൽ രാഹുലിനെതിരെ രൂക്ഷവിമർശനം. രാഹുൽ ബാറ്റ് ചെയ്യുന്നത് തിരുവനന്തപുരം എന്നെഴുതുന്നതിനേക്കാൾ പതിയെയാണെന്നാണ് ഉയരുന്ന ട്രോളുകൾ.
രാഹുൽ ടീമിന്റെ മൊത്തം മൂഡ് കളയുന്നുവെന്നും അതുകൊണ്ട് താരത്തെ ഉടൻ പുറത്താക്കണമെന്നും വിമർശകർ ആവശ്യപ്പെടുന്നു. നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോഹ്ലിയും പെട്ടെന്ന് മടങ്ങിയ മത്സരത്തിൽ ഇന്ത്യയെ കരകയറ്റിയത് കെ എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റേയും ഇന്നിങ്സായിരുന്നു. 33 പന്ത് നേരിട്ട് ആഞ്ഞടിച്ചാണ് സൂര്യ കുമാർ കളിച്ചതെങ്കിൽ പതിഞ്ഞ താളത്തിലായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. 56 പന്ത് നേരിട്ടാണ് അദ്ദേഹം 51 റൺസ് നേടിയത്. എന്നാൽ മത്സരത്തിന്റെ അവസാനഘട്ടത്തിൽ അദ്ദേഹം താളം കണ്ടെത്തിയത് ഇന്ത്യക്ക് രക്ഷയായി.
എന്നാൽ ഈ പിച്ചിൽ കളിക്കുന്നത് കഠിനമാണെന്നും അത് പ്രാക്ടീസ് ചെയ്തപ്പോഴെ മനസ്സിലായെന്നും മത്സരത്തിന് ശേഷം രാഹുൽ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ പിച്ചായിരുന്നു ഇതെന്ന് മനസ്സിലായിരുന്നു, എന്നാൽ ടീമിന് വേണ്ടി ജോലി ചെയ്യാൻ താൻ ആഗ്രഹിച്ചെന്നും രാഹുൽ പറഞ്ഞു.