sreesant

ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ തകർത്തെറിഞ്ഞ് മലയാളി താരം എസ്. ശ്രീശാന്ത്. ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ നാല് ഓവറുകൾ എറി‍ഞ്ഞ ശ്രീശാന്ത് 36 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. വിന്‍‍ഡീസ് താരം ലെൻഡല്‍ സിമ്മൺസ്, സിംബാബ്‍വെ താരം എൽറ്റൻ ചിഗുംബുര, ശ്രീലങ്കൻ താരം തിസാര പെരേര എന്നിവരെയാണു ശ്രീശാന്ത് പുറത്താക്കിയത്. ഇർഫാൻ പഠാൻ നയിക്കുന്ന ബിൽവാര കിങ്സിന്റെ താരമാണ് ശ്രീശാന്ത്.

 

മത്സരം ശ്രീശാന്തിന്റെ ടീം 55 റൺസിനു വിജയിച്ചു. ടോസ് നേടിയ ഗുജറാത്ത് ജയന്റ്സ് ബിൽവാര കിങ്സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. നാലു വിക്കറ്റു മാത്രം നഷ്ടത്തിൽ 222 റൺസെന്ന വലിയ സ്കോറാണ് ബിൽവാര കിങ്സ് നേടിയത്. കിങ്സിനുവേണ്ടി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മോണി വാൻ വൈക്കും അയർലൻഡിന്റെ വില്യം പോർട്ടർഫീൽഡും അർധ സെ‍ഞ്ചറി നേടി.

 

മോണി 28 പന്തിൽ 50 റൺസെടുത്തപ്പോൾ പോർട്ടർഫീൽഡ് 33 പന്തിൽ 64 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ യശ്പാൽ സിങ് അർധസെഞ്ചറി നേടി. 29 പന്തുകൾ നേരിട്ട താരം 57 റൺ‌സെടുത്തു പുറത്തായി. കിങ്സിനു വേണ്ടി ശ്രീശാന്ത് മൂന്നു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജെസാൽ കരിയ, ഫിദൽ എ‍ഡ്വാർഡ്സ് എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.