കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കണമെന്ന് കെസിഎ

അവസാനനിമിഷത്തിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരിന്റെ ചില വകുപ്പുകൾ ഉപദ്രവിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടാനാണ് തീരുമാനം. 

കാര്യവട്ടം ഗ്രീൻഫീൽഡിൽ ക്രിക്കറ്റ് ആരവം ഉയരുമെന്നുറപ്പായ ശേഷമാണ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും കുടിശിക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും രംഗത്തിറങ്ങിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി സമ്മർദ്ദം കൂട്ടിയത്. ഇതൊക്കെ ചില ഉദ്യോഗസ്ഥർ മനപൂർവം സൃഷ്ടിക്കുന്ന പ്രശ്നമാണെന്നും ഉപദ്രവിക്കുകയാണ് ലക്ഷ്യമെന്നും കേരള ക്രിക്കറ്റ് അസോസിയേഷഷൻ ആരോപിക്കുന്നു.

പാർക്കിങ്ങിന്റെ പേരിൽ ഇത്തവണയും കേരള സർവകലാശാല അമിത ചാർജ് ഈടാക്കാൻ ശ്രമിക്കുകയാണെന്നും കെ.സി.എ ആരോപിച്ചു. പാർക്കിങ് ഫീസായി അഞ്ചുലക്ഷം രൂപ അവസാന നിമിഷമാണ് സർവകലാശാല ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലൊക്കെ ചർച്ചകൾ തുടരുകയാണ്. 

കാര്യവട്ടം സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കുകയാണ് ശാശ്വത പരിഹാരമെന്ന് പറയുന്ന അസോസിയേഷൻ, സ്വന്തം സ്റ്റേഡിയം നിർമ്മിക്കുന്ന കാര്യവും അന്തിമ പരിഗണനയിലാണെന്ന് വ്യക്തമാക്കുന്നു. നേരിടുന്ന പ്രതിസന്ധികളൊക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് അസോസിയേഷന്റെ തീരുമാനം.