പഴയ അതേ സച്ചിൻ; അതേ സിക്സ്; ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ഫാൻസ്– വിഡിയോ

sachin-tendulkar
SHARE

‘നമ്മൾ ഇപ്പോഴും ജീവിക്കുന്നത് 1998ൽ തന്നെയാണോ?’ – റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്നലെ നടന്ന ഇന്ത്യ ലെജൻഡ്സ് – ഇംഗ്ലണ്ട് ലെജൻഡ്സ് മത്സരം കണ്ട ക്രിക്കറ്റ് ആരാധകർ പലകുറി ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചോദ്യം. ഇടയ്ക്ക് പെയ്ത മഴയ്ക്കും കെടുത്താനാകാതെ പോയ ആവേശപ്പോരാട്ടത്തിൽ, ഇന്ത്യ 40 റൺസിനാണ് ജയിച്ചുകയറിയത്. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ്. ഇംഗ്ലണ്ടിന്റെ മറുപടി ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസിൽ അവസാനിച്ചു.

മത്സരത്തിൽ ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പൺ ചെയ്ത ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം സച്ചിൻ തെൻഡ‍ുൽക്കറിന്റെ മാസ്മരിക ബാറ്റിങ് പ്രകടനമാണ് ആരാധകരെ ലിറ്റിൽ മാസ്റ്ററിന്റെ പ്രതാപകാലത്തേക്കു കൂട്ടിക്കൊണ്ടുപോയത്. മത്സരത്തിലാകെ 20 പന്തുകൾ മാത്രം നേരിട്ട സച്ചിൻ, ആകെ നേടിയത് 40 റൺസാണ്. മൂന്നു വീതം സിക്സും ഫോറും അടങ്ങുന്ന ഇന്നിങ്സ്. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഷോട്ടുകളുമായി കളം നിറഞ്ഞ സച്ചിൻ, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ സച്ചിൻ പറത്തിയ ഒരു സിക്സർ, 1998ൽ താരം നേടിയ ഒരു സിക്സറുമായി താരതമ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ സച്ചിനും വേണമെന്നാണ് ആവേശഭരിതരായ ആരാധകരുടെ ആവശ്യം.

ഓപ്പണിങ് വിക്കറ്റിൽ നമാൻ ഓജയ്ക്കൊപ്പം സച്ചിൻ അർധസെഞ്ചറി കൂട്ടുകെട്ടും തീർത്തു. 34 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 65 റൺസ്. നമാൻ ഓജ 17 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20 റൺസെടുത്തു. ഇവർക്കു പുറമെ യുവരാജ് സിങ്ങിന്റെ പ്രകടനവും ശ്രദ്ധേയമായി. 15 പന്തുകൾ നേരിട്ട യുവി, ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസുമായി പുറത്താകാതെ നിന്നു. യൂസഫ് പഠാൻ 11 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 27 റൺസെടുത്തു.

സുരേഷ് റെയ്ന (എട്ടു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 12), സ്റ്റുവാർട്ട് ബിന്നി (11 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 18), ഇർഫാൻ പഠാൻ (ഒൻപതു പന്തിൽ ഒരു സിക്സർ സഹിതം പുറത്താകാതെ 11) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി സ്റ്റീഫൻ പാരി മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് നിരയിൽ ടോപ് സ്കോററായത് 19 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 29 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഫിൽ മസ്റ്റാർഡ്. ക്രിസ് ട്രെംലെറ്റ് 16 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു. ടിം അംബ്രോസ് 11 പന്തിൽ 16 റൺസെടുത്തു. ഇന്ത്യയ്ക്കായി രാജേഷ് പവാർ മൂന്ന് ഓവറിൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സ്റ്റുവാർട്ട് ബിന്നി, പ്രഗ്യാൻ ഓജ, മൻപ്രീത് ഗോണി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

MORE IN SPORTS
SHOW MORE