
മൊഹാലിയിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ട്വന്റി20യിലെ തോൽവിക്ക് പിന്നാലെ ദിനേഷ് കാർത്തികിന്റെ കഴുത്തിന് പിടിക്കുന്ന രോഹിതിന്റെ വിഡിയോ വൈറലാകുന്നു. 12–ാം ഓവറിൽ ഗ്ലെൻ മാക്സ്‍വെല്ലിന്റെ പുറത്താകലിനു പിന്നാലെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.24 പന്തിൽ 35 റൺസെടുത്ത മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയിരുന്നു. ഏറെക്കാലത്തിനു ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഉമേഷ് യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്ത് സ്റ്റീവ് സ്മിത്തിനെ പുറത്താക്കി. 12–ാം ഓവറിലെ മൂന്നാം പന്തിൽ സ്മിത്തിനെ പുറത്താക്കിയതിനു പിന്നാലെ വമ്പനടിക്കാരനായ ഗ്ലെൻ മാക്സ്‍വെല്ലും ഉമേഷ് യാദവിന്റെ ഇതേ ഓവറിൽ പുറത്തായി.
ആറാം പന്തിൽ ദിനേഷ് കാർത്തിക്ക് ക്യാച്ചെടുത്താണു മാക്സ്‍വെല്ലും പുറത്തായത്. ഡിആർഎസ് വിളിച്ചാണ് ഇന്ത്യ മാക്‌സ്‌വെല്ലിന്റെ ഔട്ട് ‘സ്വന്തമാക്കിയത്’. എന്നാൽ വിക്കറ്റ് കീപ്പറായിരുന്ന കാർത്തിക്ക് മാക്‌സ്‌വെല്ലിനെതിരെ റിവ്യൂവിന് അപ്പീൽ ചെയ്തിട്ടുപോലുമുണ്ടായിരുന്നില്ല. ഇതു രസിക്കാതിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കാർത്തിക്കിനുനേരെ സംസാരിച്ചുകൊണ്ട് അടുക്കുന്നതും കാര്‍ത്തിക്ക് ഇതു ചിരിച്ചുകൊണ്ടു നേരിടുന്നതും വിഡിയോയിൽ കാണാം. തുടർന്നാണ് രോഹിത് തമാശയായി ദിനേഷ് കാർത്തിക്കിന്റെ കഴുത്തിനു പിടിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
200 റൺസിന് മുകളിൽ സ്കോർ ചെയ്തിട്ടും നാല് വിക്കറ്റിന് പരാജയപ്പെട്ടത് ടീമിനെയാകെ സമ്മർദത്തിലാക്കി. നാല് പന്തുകൾ ബാക്കി നിൽക്കെയാണ് ഓസീസ് ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം മറികടന്നത്.