ഇടിയേറ്റ് മൂക്ക് വളഞ്ഞു; ഭീതിയോടെ കാണികൾ, പിന്മാറാതെ ബ്ലേക്ക്: പോരാട്ട വീര്യം

കലിഫോര്‍ണിയയിലെ എ1 കോംബാറ്റ് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്(എംഎംഎ) ടൂര്‍ണമെന്റിനിടെ ഇടികൊണ്ട് ഫൈറ്ററുടെ മൂക്ക് വളഞ്ഞു. അമേരിക്കയിലെ ഹവായിയില്‍ നിന്നുള്ള എംഎംഎ ഫൈറ്റര്‍ ബ്ലേക് പെറിയ്ക്കാണു മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ മാരകമായി പരുക്കേറ്റത്. എതിരാളി മാര്‍സല്‍ മക് കെയ്‌നിന്റെ കാല്‍ മുട്ട് കൊണ്ടുള്ള അതിശക്തമായ ഇടിയില്‍ ബ്ലേക്കിന്റെ മൂക്ക് സ്ഥാനം തെറ്റി വളയുകയായിരുന്നു. എന്നാല്‍ കാഴ്ചക്കാരെ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ഈ 27കാരന്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി. 

കാണികളെയും ടൂർണമെന്റ് അധികൃതരെയും ഭയപ്പെടുത്തിയ പരുക്കുമായി രണ്ടാം റൗണ്ട് മത്സരത്തിനും ബ്ലേക്ക് ചാടി എഴുന്നേറ്റു. എന്നാൽ ഡോക്ടറും റഫറിയും എതിർത്തതോടെ ഇയാൾക്ക് രണ്ടാം റൗണ്ട് പൂർത്തിയാക്കാനായില്ല. മത്സരം തുടരാന്‍ അനുവദിക്കണമെന്ന് ഡോക്ടറോടും റഫറിയോടും ബ്ലേക്ക് കൈകൂപ്പി അഭ്യർഥിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗുരുതരമായി പരുക്കേറ്റിട്ടും മത്സരം തുടരാന്‍ ബ്ലേക്ക് കാണിച്ച പോരാട്ടവീര്യത്തെ എ1 കോംബാറ്റ് കമന്റേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. മത്സരശേഷം ബ്ലേക്കിന്റെ മൂക്ക് അനസ്‌തേഷ്യ നല്‍കാതെ തന്നെ ഡോക്ടര്‍ നേരെയാക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബോക്‌സിങ്, ഗുസ്തി, ജൂഡോ, ജുജിത്സു, കരാട്ടേ, തായ് ബോക്‌സിങ് എന്നിങ്ങനെ പലതരം ആയോധനകലകളുടെ സങ്കരമാണ് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്.