മടങ്ങിയെത്തിയ സൂപ്പര്‍ താരം ലൂയിസ് സുവാരസിനെ അവതരിപ്പിച്ച് യുറഗ്വായ് ക്ലബ് നാസിയോണല്‍. ആയിരക്കണക്കിന് ആരാധകരാണ് സുവാരസിനെ വരവേല്‍ക്കാന്‍ എത്തിയത്. 

ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും ഒപ്പമാണ് സുവാരസ് തന്‍റെ ആദ്യകാല ക്ലബിലേക്ക് മടങ്ങിയെത്തിയത്. സ്റ്റേഡിയത്തിലേക്ക് വന്‍ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സുവാരസിനെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള വഴി നീളെ ആരാധകര്‍ സുവാരസിന് അഭിവാദ്യമര്‍പ്പി്കാന്‍ എത്തിയിരുന്നു. 

ആരാധകര്‍ക്ക് നന്ദി പറ​ഞ്ഞ സുവാരസ് വിജയങ്ങളും കിരീടങ്ങളും നേടാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്ന് ആരാധകര്‍ക്ക് ഉറപ്പുനല്‍കി. സുഹൃത്തും സൂപ്പര്‍താരവുമായി ലയണല്‍ മെസിയുടെ വിഡിയോ സന്ദേശവും സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചു. 2005ല്‍ നാസിയോണലിലൂടെയാണ് സുവാരസ് പ്രഫഷനല്‍ കരിയര്‍ തുടങ്ങിയത്. ലിവര്‍പൂള്‍, ബാര്‍സിലോന, അയാക്സ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും സുവാരസ് ബൂട്ട് കെട്ടിയിട്ടുണ്ട്.