‘അടുത്ത ലോകകപ്പിൽ രോഹിത്തുമുണ്ടാവും; ഓപ്പണിങ്ങിൽ കൂടെ കൂട്ടുക ധവാനെ’

rohit
SHARE

അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ ശിഖർ ധവാന്‍– രോഹിത് ശർമ സഖ്യമായിരിക്കും ടീം ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണർ ചെയ്യുകയെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ പ്രഖ്യാൻ ഓജ. കെ.എൽ.രാഹുലും ഇഷാൻ കിഷനും ഓപ്പണിങ് സ്ഥാനത്തിനായി മത്സരിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റൻ രോഹിത് ശിഖർ ധവാനെയായിരിക്കും പരിഗണിക്കുകയെന്നും ഓജ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു

‘ക്യാപ്റ്റൻ രോഹിത് ശർമയും ധവാനും ചേർന്നു മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ രോഹിത്തിന് അദ്ദേഹത്തെ ആയിരിക്കും ആവശ്യം. ശിഖർ ധവാൻ ഇപ്പോൾ നല്ല പോലെ കളിക്കുന്നുണ്ട്. അദ്ദേഹം ലോകകപ്പ് ടീമിലുണ്ടാകുമെന്നതിന്റെ അടയാളങ്ങൾ വ്യക്തമാണ്. ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി അദ്ദേഹം ശ്രമിക്കുന്നുണ്ട്. വിൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാന്‍ നയിച്ചു. ലോക ക്രിക്കറ്റിൽ തന്നെ മൂന്നാമത്തെയോ നാലാമത്തെയോ മികച്ച ഓപ്പണിങ് സഖ്യം രോഹിത് ശർമയും ശിഖർ ധവാനുമാണ്’–  പ്രഖ്യാൻ ഓജ പറഞ്ഞു.

‘ആരെങ്കിലും മികച്ച പ്രകടനം നടത്തുമ്പോൾ അയാളെ തള്ളിക്കളയാൻ സാധിക്കില്ലെന്നാണു രോഹിത് ശർമയുടെ നിലപാട്. രോഹിത് അങ്ങനെയൊരു പരിഗണന നല്‍കുകയാണെങ്കിൽ അതു വളരെ നല്ലതാണ്. കാരണം ലോകകപ്പിൽ നമുക്കു കുറച്ച് അനുഭവ സമ്പത്തുള്ളവരെയും ആവശ്യമാണ്. വെസ്റ്റിൻഡീസിനെതിരെ ധവാന്റെ പ്രകടനം അതിഗംഭീരമായിരുന്നു’. 40 വയസ്സുകാരനായ എം.എസ്. ധോണിക്കു കളിക്കാമെങ്കില്‍ 36 കാരനായ ശിഖർ ധവാന് എന്തുകൊണ്ട് അതായിക്കൂടെന്നും ഓജ ചോദിക്കുന്നു.

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ധവാൻ 97 റണ്‍സെടുത്തിരുന്നു. രണ്ടാം മത്സരത്തിൽ 13 റൺസിനു പുറത്തായെങ്കിലും മൂന്നാം മത്സരത്തിൽ അർധസെഞ്ചറി (58) നേടി. ഏകദിനത്തിൽ 155 മത്സരങ്ങൾ കളിച്ചിട്ടുള്ള ധവാൻ 6493 റൺസാണ് ആകെ നേടിയിട്ടുള്ളത്. 17 സെഞ്ചറികളും 37 അർധ സെഞ്ചറികളും ഏകദിന ക്രിക്കറ്റിൽനിന്നു മാത്രം സ്വന്തമാക്കിയിട്ടുണ്ട്.

MORE IN SPORTS
SHOW MORE