'പന്തിന് പക്വത പോര; കഴിയുമെങ്കിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പന്തിനെ തടഞ്ഞേനെ'

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനെന്നാണ് ഋഷഭ് പന്തിനെ ഒരു വിഭാഗം ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ പന്തിന്റെ പക്വത പോരെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ മുൻ സിലക്ടറും പരിശീലകനുമായ മദൻ ലാൽ. ‌‌‌കഴിയുമായിരുന്നുവെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽനിന്നു പന്തിനെ തടഞ്ഞേനെയെന്നാണ് അദ്ദേഹം പറയുന്നത്. ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെ എം.എസ്. ധോണിയുമായും വിരാട് കോലിയുമായുമാണു മദൻ ലാൽ താരതമ്യം ചെയ്തിരിക്കുന്നത്.

‘എനിക്കു കഴിയുമായിരുന്നു എങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽനിന്നു ഞാൻ പന്തിനെ തടഞ്ഞേനെ. ഞാനും ഒരിക്കലും ഇതിനു സമ്മതിക്കുകയുമില്ലായിരുന്നു. കാരണം പന്തിനെപ്പോലെ ഒരു താരത്തിനു പിന്നീട് ഒരു ഘട്ടത്തിൽ മാത്രമേ ഇത്തരത്തിൽ ഒരു ഉത്തരവാദിത്തം നൽകാമായിരുന്നുള്ളു. ഇന്ത്യൻ ക്യാപ്റ്റനാകുക എന്നതു വളരെ വലിയ കാര്യം തന്നെയാണ്. പന്ത് ചെറുപ്പമാണ്.അടുത്തകാലത്തൊന്നും പന്ത് മറ്റെവിടേക്കും പോകാനും പോകുന്നില്ല. എത്ര മത്സരങ്ങൾ കൂടുതൽ കളിക്കുന്നോ, പന്തിന്റെ പക്വത അത്രയും വർധിക്കും’– എന്നാണ് മദൻലാൽ പറഞ്ഞിരിക്കുന്നത്. 

‘അടുത്ത 2 വർഷത്തിനുള്ളിൽ തന്റെ കളിയെ മറ്റൊരു തലത്തിലേക്കു കൊണ്ടുചെന്നെത്തിക്കാൻ പന്തിനു കഴിഞ്ഞാൽ പന്തിനു കഴിഞ്ഞാൽ, മികച്ച ഒരു ക്യാപ്റ്റനാകാനും പന്തിനു കഴിയും. കാര്യങ്ങളെ കൂടുതൽ പക്വതയോടെ സമീപിക്കണം. എം.എസ്. ധോണി വളരെ ശാന്തനായിരുന്നു. അതാണു ക്യാപ്റ്റൻസിയിൽ ധോണിയെ ഏറ്റവും അധികം തുണച്ചതും. വിരാട് കോലി മികച്ച ഒരു ബാറ്ററാണ്. പന്ത് വമ്പൻ ഷോട്ടുകൾക്കു മുതിരരുതെന്നോ തകർത്തടിക്കരുതെന്നോ ഞാൻ പറയുന്നില്ല. പക്ഷേ, അൽപം കൂടി പക്വതയോടെ കളിക്കാൻ പന്തിനു കഴിഞ്ഞാൽ അതു വളരെ വലിയൊരു കാര്യമായിരിക്കും’– എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.