
പുതിയ ടി10 ലീഗ് പ്രഖ്യാപിച്ച് ക്രിക്കറ്റ് വെസ്റ്റ്ഇൻഡീസ്. ഇക്കൊല്ലം ട്വന്റി20 ലോകകപ്പ് ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കെയാണ് വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ് പുതിയ ടി10 ലീഗുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘6ഇറ്റി’ എന്നാണു പുതിയ ലീഗിന്റെ പേര്. ഓഗസ്റ്റ് 24 മുതല്‍ 28 വരെ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്‌ലാണ്.
കരീബിയൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഹാൻഡിലിൽനിന്നുള്ള ട്വീറ്റിലെ വിവരങ്ങൾ പ്രകാരം 6 പുരുഷ ടീമുകളും 3 വനിതാ ടീമുകളും പ്രഥമ സീസണിൽ ലീഗിന്റെ ഭാഗമാകും. സെന്റ് ലൂസിയ കിങ്സ്, ഗയാന ആമസോൺ വോറിയേഴ്സ്, ബാർബഡോസ് റോയൽസ്, ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ജമൈക്ക തല്ലവാസ്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സ് എന്നിവടയാണു പുരുഷ ടീമുകൾ.
വിചിത്രമായ നിയമാവലികളാണ് 6ഇറ്റി ക്രിക്കറ്റിനുള്ളത്. സാധാരണ ക്രിക്കറ്റില്‍ ഒരു ടീമിന് 10 വിക്കറ്റാണ് ഉള്ളതെങ്കില്‍ ‘6ഇറ്റി’യില്‍ ഒരു ടീമിന് 6 വിക്കറ്റുകളേ ഉണ്ടാകൂ. 2 ഓവറായിരിക്കും നിര്‍ബന്ധിത പവര്‍പ്ലേ. എന്നാല്‍ ആദ്യ രണ്ട് ഓവറിനിടെ രണ്ട് സിക്‌സര്‍ നേടിയാല്‍ മൂന്നാം ഓവറും പവര്‍പ്ലേയായിരിക്കും.എന്നാൽ ആദ്യ 2 ഓവറിനിടെ 2 സിക്സർ നേടിയാൽ, 3–ാം ഓവർ പവർപ്ലേയും ബാറ്റിങ് ടീമിന് അൺലോക്ക് ചെയ്യാം.
5 ഓവർ ബോൾ ചെയ്തതിനു ശേഷം മാത്രമേ വിക്കറ്റ് എൻഡുകൾ മാറ്റാനാകൂ. 45 മിനിറ്റിനിടെ 10 ഓവർ ബോൾ ചെയ്തു പൂർത്തിയാക്കാനായില്ലെങ്കിൽ, ബോളിങ് ടീമിന് അവസാന ഓവറിൽ ഒരു ഫീൽഡറെ നഷ്ടമാകും. ആരാധകരുടെ വോട്ടിങ്ങിലൂടെ ലഭിക്കുന്ന ‘മിസ്ട്രി ഫ്രീ ഹിറ്റാ’ണ് ലീഗിന്റെ മറ്റൊരു പ്രത്യേകത. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ആരാധകർക്കു വോട്ടുചെയ്യാൻ അവസരം നൽകും.
അതേ സമയം, പ്രഖ്യാപനത്തിനു പിന്നാലെതന്നെ ടൂർണമെന്റിനെച്ചൊല്ലി ആരാധകർ രണ്ടു തട്ടിലായിക്കഴിഞ്ഞു. പുതിയ ലീഗ് ഏറെ രസകരമെന്നും വിഡിയോ ഗെയിം പോലെ തോന്നുന്നെന്നുമാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം. എന്നാൽ പണം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം ടൂർണമെന്റുകൾ ക്രിക്കറ്റിനെ നശിപ്പിക്കുമെന്നാണു മറുവിഭാഗത്തിന്റെ ആരോപണം.