ഇന്ന് കലാശപ്പോരാട്ടം; പരമ്പര നേടുമോ പന്തും കൂട്ടരും? ജയിക്കാൻ ദക്ഷിണാഫ്രിക്ക

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7മണിക്ക് നടക്കും. ഇരു ടീമുകൾക്കും 2 വീതം ജയവും തോൽവിയുമാണുള്ളത്. ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട ടീമുകളായതിനാൽ വിജയസാധ്യത ഇരുവർക്കും തുല്യമാണ്. അവസാന മത്സരം ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ഫൈനലായി മാറുകയും ചെയ്തു. ആദ്യ 2 മത്സരങ്ങൾ തോറ്റതിനു ശേഷം ആധികാരിക വിജയങ്ങളോടെ പരമ്പരയിലേക്കു തിരിച്ചെത്തിയ ഋഷഭ് പന്ത് നയിക്കുന്ന ഇന്ത്യൻ ടീമിനു പ്രതീക്ഷയ്ക്കു വകയുണ്ട്.സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഡിഡി സ്പോർട്സിലും ഹോട്‌സ്റ്റാറിലും മത്സരം തൽസമയം കാണാം.

ഇന്ത്യയുടെ തിരിച്ചടി.

ആദ്യ 2 കളിയും തോറ്റശേഷം ബോളിങ് വിഭാഗത്തിന്റെ തിരിച്ചുവരവാണ് പിന്നീടുള്ള 2 കളികളിൽ ജയിക്കാൻ ഇന്ത്യയെ സഹായിച്ചത്. ആദ്യ മത്സരത്തിൽ 211 റൺസ് നേടിയിട്ടും ആ സ്കോർ പ്രതിരോധിക്കാൻ ബോളർമാർക്കു സാധിച്ചില്ല. എന്നാൽ, പിന്നീടു രണ്ടുതവണ 180ൽ താഴെ വിജയലക്ഷ്യം പ്രതിരോധിച്ച് ഇന്ത്യൻ ബോളർമാർ തിരിച്ചുവരവ് ആധികാരികമാക്കി.  ഭുവനേശ്വർ കുമാറും  യുസ്‌വേന്ദ്ര ചെഹലും ആവേശ് ഖാനും നടത്തുന്ന സ്ഥിരതയുള്ള പ്രകടനം ഇന്നത്തെ കളിയിലും നിർണായകമാകും.  ഓപ്പണർമാരുടെ സ്ഥിരതക്കുറവും ക്യാപ്റ്റൻ ഋഷഭ് പന്ത് ഉൾപ്പെടുന്ന മധ്യനിരയുടെ ഫോം ഇല്ലായ്മയും ടീമിനു തലവേദനയാണ്.

ജയിക്കാൻ ദക്ഷിണാഫ്രിക്ക.

രണ്ടു മത്സരങ്ങളിലെയും അപ്രതീക്ഷിത തോൽവി ദക്ഷിണാഫ്രിക്കയെ വല്ലാതുലച്ചു. വാൻഡർ ദസ്സൻ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ എന്നിവരടങ്ങുന്ന മധ്യനിര തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. ക്യാപ്റ്റൻ തെംബ ബവൂമ  ഇന്ന് ഇറങ്ങിയില്ലെങ്കിൽ റീസ ഹെൻറിക്സ് ഇന്നിങ്സ് ഓപ്പൺ ചെയ്യും. പ്രധാനമായും പരിക്കാണ് ദക്ഷിണാഫ്രിക്കയെ വേട്ടയാടുന്നത്. കഗിസോ റബാഡ, വെയ്ന്‍ പാര്‍ണല്‍ എന്നീ പേസര്‍മാര്‍ക്ക് പരിക്കേറ്റത് വലിയ തിരിച്ചടിയാണ് ടീമിന് നൽകിയത്.ഇതോടെ ഇരുവരും നാലാം മത്സരം കളിച്ചില്ല. അഞ്ചാം മത്സരത്തിലും ടീമിലുണ്ടാകാന്‍ സാധ്യത കുറവാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്ക് ഫോമിലേക്കെത്താത്തതും സന്ദര്‍ശകരെ സംബന്ധിച്ച് തിരിച്ചടിയാണ്.