സിറ്റി ജേഴ്സിയില്‍ ആദ്യമായി എര്‍ലിങ് ഹാലന്റിനെ അവതരിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ഹാലന്റിന്റെ കുട്ടിക്കാലചിത്രം പുനരാവിഷ്ക്കരിച്ചായിരുന്നു ഫോട്ടോ ഷൂട്ട്. ബൊറൂസിയ ഡോര്‍ഡ്മുണ്ടില്‍ നിന്നാണ് നോര്‍വീജിയന്‍ താരം ഹാലന്റ് സിറ്റിയിലെത്തിയത്. അന്നത്തെ ആരാധകന്‍ ഇന്ന് സൂപ്പര്‍താരമായി ഇഷ്ടക്ലബിലേയ്ക്ക്. പിതാവ് ആല്‍ഫി ഹാലന്റ് സിറ്റി താരമായിരിക്കെയെടുത്ത ചിത്രം അതേപടി പുനരാവിഷ്ക്കരിച്ചായിരുന്നു ഫോട്ടോ ഷൂട്ട്. 

സെര്‍ജിയോ അഗ്വേറോയ്ക്ക് പകരക്കാരനായി ഒരു സ്ട്രൈക്കറെ സിറ്റി സ്വന്തമാക്കുന്നത് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. കഴിഞ്ഞ വര്‍ഷം ഹാരി കെയ്നെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതോടെയാണ് ശ്രദ്ധ ഹാലന്റിലേയ്ക്കെത്തിയത്.  21കാരന്‍ നോര്‍വീജിയന്‍ താരവുമായുള്ള കരാറിലെ സാമ്പത്തികവിവരങ്ങള്‍ സിറ്റി വെളിപ്പെടുത്തിയിട്ടില്ല. സിറ്റി ജേഴ്സിയില്‍ ഹാലന്റിനെ മൈതാനത്ത് കാണമെങ്കില്‍ അടുത്തമാസം വരെ കാത്തിരിക്കണം. 

പ്രീ സീസണ്‍ സൗഹൃദമല്‍സരങ്ങള്‍ക്കായി സിറ്റി അമേരിക്കയിലെത്തും. ക്ലബ് അമേരിക്കയ്ക്കും ബയണ്‍ മ്യൂണിക്കിനും എതിരെ മല്‍സരങ്ങളുണ്ട്. ജൂലൈ 30ന് കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളിനെതിരായ മല്‍സരമായിരിക്കും ഹാലന്റിന്റെ ആദ്യ കിരീടപ്പോരാട്ടം.