ആരൊക്കെ പ്ലേ ഓഫിൽ? ആരൊക്കെ പുറത്താകും? ഇനിയാണ് ശരിക്കും അങ്കം

ഐപിഎൽ ലീഗ് ഘട്ടം അവസാന വാരത്തിലെത്തിയപ്പോൾ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചത് ഹാർദ്ദിക്കിന്റെ ഗുജറാത്ത് ടൈറ്റൻസ് മാത്രം. 70 ലീഗ് മത്സരങ്ങളിൽ 63 എണ്ണം പൂർത്തിയായപ്പോൾ 13 കളികളിൽ 20 പോയിന്റും + 0.391 നെറ്റ് റൺറേറ്റുമുള്ള ഗുജറാത്തിന് ആദ്യ സ്ഥാനം ഉറപ്പായി. ഓരോ മത്സരം ശേഷിക്കുന്ന രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയന്റ്സും അവസാന കളിയിൽ വൻപരാജയം ഏറ്റു വാങ്ങിയില്ലെങ്കിൽ പ്ലേഓഫിൽ ഇടം നേടും.

രാജസ്ഥാന് 16 പോയിന്റും +0.304 നെറ്റ് റൺറേറ്റുമുണ്ട്. ലക്നൗവിനും 16 പോയിന്റ്. നെറ്റ് റൺറേറ്റ് +0.262.മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് ഒഴികെയുള്ള ടീമുകൾക്കെല്ലാം ഇപ്പോഴും പ്ലേ ഓഫ് സാധ്യത കണക്കിലെങ്കിലും ശേഷിക്കുന്നു. പക്ഷെ അതിനും അത്ഭുതങ്ങൾ സംഭവിക്കേണ്ടിയിരിക്കുന്നു. കണക്കിലെ കളികളിൽ വിശ്വാസം അർപ്പിച്ചാണ് പഞ്ചാബിന്റെയും ഹൈദരാബാദിന്റെയും കൊൽക്കത്തയുടേയും മുന്നോട്ടുള്ള യാത്ര.

∙ രാജസ്ഥാൻ

20ന് ചെന്നൈയ്ക്കെതിരെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ജയിക്കുകയോ വൻ തോൽവി ഒഴിവാക്കി നെറ്റ് റൺറേറ്റിന് പരുക്കേൽപിക്കാതിരിക്കുകയോ ചെയ്താൽ രാജസ്ഥാൻ റോയൽസിന് പ്ലേഓഫ് ഉറപ്പിക്കാം. 14 പോയിന്റുമായി പ്ലേഓഫ് സ്ഥാനത്തിനായി പൊരുതുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അവസാന മത്സരത്തിനു ശേഷമാണ് രാജസ്ഥാന്റെ കളി. അതിനാൽ, എത്ര റൺസെടുത്താൽ രക്ഷപ്പെടാമെന്ന് രാജസ്ഥാന് മുൻകൂട്ടി അറിയാനാകും.

നിലവിൽ, രാജസ്ഥാൻ പുറത്താകണമെങ്കി‍ൽ 2 കാര്യങ്ങൾ ഒരുമിച്ചു നടക്കണം. അവർ ചെന്നൈയ്ക്കെതിരെ വലിയ തോൽവിയേറ്റു വാങ്ങണം. ഒപ്പം ഗുജറാത്തിനെതിരെ ബാംഗ്ലൂർ വൻവിജയം നേടുകയും വേണം.

∙ ലക്നൗ

നാളെ കൊൽക്കത്തയ്ക്കെതിരെ തങ്ങളുടെ അവസാന മത്സരത്തിൽ വൻ തോൽവിയൊഴിവാക്കിയാൽ ലക്നൗവിനും മികച്ച സാധ്യതയുണ്ട്. അവസാന ലീഗ് മത്സരങ്ങളിൽ രാജസ്ഥാനും ലക്നൗവും ജയിച്ചാൽ ഇരു ടീമുകൾക്കും 18 പോയിന്റാകും. അപ്പോൾ മികച്ച നെറ്റ് റൺറേറ്റുള്ള ടീം രണ്ടാം സ്ഥാനക്കാരാകും.

∙ മറ്റു ടീമുകൾ

ഡൽഹി, ബാംഗ്ലൂർ ടീമുകളുടെ സാധ്യതകൾ ഓരോ ടീമിന്റെയും അവസാന മത്സരങ്ങളിലെ ഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഡൽഹിക്കും ബാംഗ്ലൂരിനും 14 പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റിൽ ഡൽഹി മുന്നിൽ (+0.255). ബാംഗ്ലൂരിന് -0.323 മാത്രം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്ക് ബാക്കിയുള്ള കളികൾ ജയിച്ചാലും 14 പോയിന്റേ ലഭിക്കുകയുള്ളൂ. ഡൽഹി, ബാംഗ്ലൂർ ടീമുകളും തങ്ങൾക്കൊപ്പം പരമാവധി 14 പോയിന്റിൽ തന്നെ നിൽക്കുകയാണെങ്കിൽ നെറ്റ് റൺറേറ്റ് തുണച്ചേക്കാം എന്ന പ്രതീക്ഷ മാത്രമാണ് അവർക്കുള്ളത്.