അമ്പമ്പോ എന്തൊരു വെടിക്കെട്ട്; ലോക റെക്കോർഡിട്ട് ബെൻ സ്റ്റോക്സ്; പൂരക്കാഴ്ച

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമീന്റെ ക്യാപ്റ്റനായതിനു പിന്നാലെ ബെൻ സ്റ്റോക്സ് തന്റെ വരവറിയിച്ചിരിക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലിൽ ഇല്ലെങ്കിലും കൗണ്ടി ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനവുമായി ലോകറെക്കോർഡ് ഇട്ടിരിക്കുകയാണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ബെൻ സ്റ്റോക്സ്. മത്സരത്തിന്റെ ഒരോവറിൽ തുടർച്ചയായ 5 സിക്സും ഒരു ഫോറുമടക്കം 34 റൺസാണു സ്റ്റോക്സ് അടിച്ചെടുത്തത്. മാത്രമല്ല സെഞ്ചറി തികയ്ക്കാൻ സ്റ്റോക്സിനു വേണ്ടിവന്നത് വെറും 64 പന്തുകൾ മാത്രം. സിക്സർ പെരുമഴ കണ്ട മത്സരത്തിൽ 17 സിക്സറുകളാണ് സ്റ്റോക്സ് അടിച്ചെടുത്തത്. കൗണ്ടി ക്രിക്കറ്റ് ചാംപ്യൻഷിപ്പിലെ ഒരു ഇന്നിങ്സിൽ ഏറ്റവും അധികം സിക്സർ നേടുന്ന താരത്തിനുള്ള റെക്കോർഡാണ് സ്വന്തമാക്കിയത്. 

വോർസെസ്റ്റർഷറിനെതിരായ മത്സരത്തിൽ, ദർഹമിനായിട്ടാണ് സ്റ്റോക്സ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ഇന്നിങ്സിന്റെ 3–ാം ഓവറിൽ ക്രീസിലെത്തിയ സ്റ്റോക്സ് തുടക്കം മുതലേ തകർത്തടിച്ചു. സ്റ്റോക്സിന്റെ ബാറ്റിങ് മികവിൽ 580–6 എന്ന കൂറ്റർ സ്കോറിലാണ് ദർഹം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 88 പന്തിൽ 161 റൺസ് അടിച്ചതിനു ശേഷം പുറത്തായെങ്കിലും, അതിനു മുൻപുതന്നെ സ്റ്റോക്സ് കൗണ്ടി ക്രിക്കറ്റിലെ ലോക റെക്കോർഡിൽ എത്തുകയും ചെയ്തു. 

പതിനെട്ടുകാരൻ ജോഷ് ബേക്കർ എറിഞ്ഞ 117–ാം ഓവറിലാണ് സ്റ്റോക്സ് 34 റൺസ് നേടിയതും സെഞ്ചറി തികച്ചതും. 6,6,6,6,6,4 എന്നിങ്ങനെയായിരുന്നു ആ ഓവറിലെ സ്റ്റോക്സിന്റെ സ്കോറിങ്. ജോ റൂട്ടിന്റെ രാജിയെത്തുടർന്ന്, കഴിഞ്ഞ മാസമാണ് സ്റ്റോക്സിനെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനായി നിയമിച്ചത്. ജൂണിൽ ന്യൂസീലൻഡിനെതിരായ പരമ്പരയിലാകും സ്റ്റോക്സ് ആദ്യമായി ഇംഗ്ലണ്ടിനെ നയിക്കുക.