ക്രിക്കറ്റിലെ സൂപ്പർ ഹീറോ; ഏകദിനത്തിന്റെ നഷ്ടം; ബെൻ സ്റ്റോക്സ് പടിയിറങ്ങുമ്പോൾ...

സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തുക എന്ന് പറയുന്നത് പോലെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുന്നു. ഏകദിന ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഇറങ്ങിയ ബെൻ സ്റ്റോക്സിന് ഹൃദയം കീഴടക്കുന്ന യാത്രയയപ്പാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും ആരാധകരും നൽകിയിരിക്കുന്നത്. എഴുന്നേറ്റ് നിന്നുകൊണ്ട് ഹാർഷാരവത്തോടെയാണ് ബെൻ സ്റ്റോക്സിനെ കാണികൾ എതിരേറ്റത്. 

കരിയർ അവസാനിച്ചെന്ന് കായികലോകം വിധിയെഴുതിയടുത്ത് നിന്നുമാണ് ഒരു ഹീറോയായി ബെൻ സ്റ്റോക്സ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയത്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ സ്റ്റോക്സ് ഫീൽഡിലും മാജിക് തീർത്ത് ആരാധകരുടെ മനം കവർന്നു. കഴിഞ്ഞ ഏകദിന ലോകകപ്പും സൂപ്പർ ഓവർ ത്രില്ലറും മാത്രം മതി ബെൻ സ്റ്റോക്സ് എന്ന ഓൾ റൗണ്ടർ എന്തായിരുന്നു എന്ന് മനസ്സിലാക്കുവാൻ. ക്രിക്കറ്റിന്റെ തലതൊട്ടപ്പൻനമാരായ ഇംഗ്ലണ്ടിന് വിശ്വകിരീടം നേടിക്കൊടുത്ത മാസ്മരിക പ്രകടനം. ബെൻ സ്റ്റോക്സ് പടിയിറങ്ങുമ്പോൾ... വിഡിയോ കാണാം 

കിരീടങ്ങളുടെ മാത്രം കണക്കിലല്ല, വ്യക്തിഗത കണക്കിലും സ്റ്റോക്സ് വളരെ മുന്നിലാണ്. ഓൾറൗണ്ടറായിട്ട് കൂടി ബാറ്റിങ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു സ്റ്റോക്സ്. വിരാട് കോലി, ഓസീസിന്റെ സ്റ്റീവ് സ്മിത്ത്, കിവീസിന്റെ കെയ്ൻ വില്യംസൻ എന്നിവർക്കൊപ്പം മൽസരിച്ചാണ് ഈ നേട്ടമെന്നോർക്കണം.

സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിനു നഷ്ടമാകുന്നത് സമീപകാലത്തെ ഏറ്റവും മികച്ച ഓൾറൗണ്ടറെയാണ്. എന്തായാലും സ്റ്റോക്‌സിന്റെ വിരമിക്കല്‍ ഒരു വലിയ ചോദ്യം തന്നെയാണ് ക്രിക്കറ്റ്‌ലോകത്തോട് ചോദിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന കളിക്കാരുടെ കാലം അവസാനിക്കുകയാണോ എന്ന വലിയ ചോദ്യം. അതിനു കാലം മറുപടി പറയട്ടെ.