കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കു തോൽവി; ദക്ഷിണാഫ്രിക്കയ്ക്കു പരമ്പര

കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ഏഴുവിക്കറ്റിന് തോറ്റു. 212 റണ്‍സ് വിജയലക്ഷ്യം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി .  ഇന്ത്യ 223,198; ദക്ഷിണാഫ്രിക്ക 210, 215/3. ജയത്തോടെ ടെസ്റ്റ് പരമ്പര 2–1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി 

ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനുശേഷം രണ്ടും മൂന്നും ടെസ്റ്റുകളിൽ തോൽവി വഴങ്ങിയാണ് ഇന്ത്യ ഒരിക്കൽക്കൂടി പരമ്പര കൈവിട്ടത്. ഇനി ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ജനുവരി 19ന് ആരംഭിക്കും.

വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ 139 റൺസിനു മുകളിലുള്ള വിജയലക്ഷ്യം പ്രതിരോധിക്കാനാകാതെ ഇന്ത്യ തോൽവി വഴങ്ങുന്നത് ഇതാദ്യമായാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നഷ്ടമായത് അർധസെഞ്ചുറി നേടിയ കീഗൻ പീറ്റേഴ്സന്റെ വിക്കറ്റ് മാത്രം. പീറ്റേഴ്സൻ 113 പന്തിൽ 10 ഫോറുകൾ സഹിതം 82 റൺസെടുത്തു. പിരിയാത്ത നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് വാൻഡർ ദസ്സൻ (41) – തെംബ ബാവുമ (32) സഖ്യം അവരെ വിജയത്തിലെത്തിച്ചു.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി തുടക്കത്തിൽത്തന്നെ പീറ്റേഴ്സൻ അർധസെഞ്ചുറി തികച്ചു. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും പീറ്റേഴ്സൻ അർധസെഞ്ചുറി നേടിയിരുന്നു. ഇത്തവണ സെഞ്ചുറിയിലേക്ക് നീങ്ങിയ കീഗൻ പീറ്റേഴ്സന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 113 പന്തിൽ 10 ഫോറുകൾ സഹിതം 82 റൺസെടുത്ത് ദക്ഷിണാഫ്രിക്കൻ വിജയത്തിന് അടിത്തറയിട്ട പീറ്റേഴ്സനെ, ഷാർദുൽ ഠാക്കൂറാണ് പുറത്താക്കിയത്. നേരത്തെ, വ്യക്തിഗത സ്കോർ 59ൽ നിൽക്കെ ബുമ്രയുടെ പന്തിൽ പീറ്റേഴ്സൻ നൽകിയ ക്യാച്ച് ചേതേശ്വർ പൂജാര കൈവിട്ടിരുന്നു.

പിന്നീട് ക്രീസിൽ ഒരുമിച്ച റാസ്സി വാൻഡർ ദസ്സനും തെംബ ബാവുമയും ചേർന്ന് പിരിയാത്ത നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് (57) തീർത്ത് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. വാൻഡർ ദസ്സൻ 95 പന്തിൽ മൂന്നു ഫോറുകൾ സഹിതം 41 റൺസോടെയും ബാവുമ 58 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 32 റൺസോടെയും പുറത്താകാതെ നിന്നു.

ഓപ്പണർമാരായ എയ്ഡൻ മർക്രം (22 പന്തിൽ 16), ക്യാപ്റ്റൻ കൂടിയായ ഡീൻ എൽഗാർ (96 പന്തിൽ 30) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഷാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.