
ഐഎസ്എല്ലില്‍ പോയിന്റ് പട്ടികയില്‍ ആദ്യനാലില്‍ ഇടംപിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടും. പരാജയമറിയാതെ എട്ടുമല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും.
തുടര്‍ച്ചയായി രണ്ട് സമനില വഴങ്ങിയെങ്കിലും ജംഷഡ്പൂരടക്കമുള്ള കരുത്തരെ പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട. അഡ്രിയാന്‍ ലൂണയുടെ തകര്‍പ്പന്‍ ഫോമാണ് കരുത്ത്. ഗോവയ്ക്കെതിരായ മല്‍സരത്തില്‍ ൊരു ഗോളടിക്കുകയും ഒരണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. മികച്ച ആക്രമണം കാഴ്ചവയ്ക്കുന്ന ടീം ഇതുവരെ 15 ഗോളുകള്‍ സ്കോര്‍ ചെയ്തു. 4 ഗോളടിച്ച മലയാളിതാരം സഹല്‍ അബ്ദുള്‍ സമദാണ് ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറര്‍. നിലവില്‍ 9 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി അഞ്ചാമതാണ് കൊമ്പന്‍മാര്‍.
നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ഹൈദരാബാദിനെ അത്ര എളുപ്പം പിടിച്ചുകെട്ടാനാകില്ല. ഗോളടിച്ച് കൂട്ടുന്ന മുന്‍ ബ്ലാസ്റ്റേഴ്സ് താരം ബര്‍ത്തലോമ്യൂ ഒഗ്‌ബച്ചേയും പഴുതില്ലാത്ത പ്രതിരോധവും കടുത്ത പരീക്ഷണമാണ്. ഇതുവരെ 9 ഗോളുകള്‍ നേടി ഒഗ്ബച്ചേയാണ് നിലവില്‍ സീസണിലെ ടോപ് സ്കോറര്‍. ഇന്ന് ജയിച്ച് മുംബൈയെ മറികടന്ന് പോയിന്റ്പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയാണ് ടീമിന്റെ ലക്ഷ്യം. രാത്രി ഏഴരയ്ക്കാണ് മല്‍സരം